Wednesday, 28 August 2013

7. ഡെഡ് പൊയറ്റ്സ് സൊസൈറ്റി (റിവ്യു)


വിദ്യാലയകാലത്ത് നമ്മെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്നത്‌ നല്ല അദ്ധ്യാപകർക്കാണ്‌ എന്ന് നിസംശയം പറയാം. പല മഹത്വ്യക്തികളും തങ്ങളുടെ ജീവിതം വഴിതിരിച്ചുവിട്ട അദ്ധ്യാപകരെപ്പറ്റി അഭിമാനത്തോടെ പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. അല്ലെങ്കിൽ വായിച്ചിട്ടുണ്ട്. നമ്മുടെ തന്നെ ജീവിതത്തിലും നമ്മുടെ ആരാധ്യപാത്രമായി നാം കൊണ്ട് നടക്കുന്ന ഒരു അദ്ധ്യാപകൻ എങ്കിലും ഉണ്ടാവും. പാഠപ്പുസ്തകത്തിലുള്ളവ വീണ്ടും ചൊല്ലിത്തരുന്നതിനേക്കാൾ ജീവിക്കാൻ പഠിപ്പിച്ചത് കൊണ്ടാണ് അവർ നമ്മുക്ക് മഹാത്മാക്കൾ ആകുന്നത്. എന്നാൽ, ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ മതി ഒരു കുട്ടിയുടെ ജീവിതം നശിപ്പിക്കുവാനും. പാഠപ്പുസ്തകം അപ്പാടെ വിഴുങ്ങി പരീക്ഷയ്ക്ക് ശർദ്ധിക്കുവാൻ പഠിപ്പിക്കുന്ന അധ്യാപകരും ഒരർത്ഥത്തിൽ അത് തന്നെയാണ് ചെയുന്നത്. എന്തുകൊണ്ടോ, രണ്ടാമത്തെ ഗണത്തിലുള്ളവരെയാണ് നമ്മുക്ക് ചുറ്റും അധികം കാണാൻ ആവുക. അങ്ങനെ വരുമ്പോൾ, നല്ല അധ്യാപകരെ ലഭിക്കുക എന്നത് ഒരു ഭാഗ്യവും സുകൃതവും ആകുന്നു.


പരമ്പരാഗത ശൈലികളിലൂടെ സഞ്ചരിക്കുവാൻ വിധിക്കപ്പെട്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ജീവിതത്തിലേയ്ക്ക് ഒരു അദ്ധ്യാപകൻ കടന്നു വരുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ ബഹുലമായ കഥയാണ് Dead Poets Society എന്ന സിനിമയുടെ ഇതിവൃത്തം. അനേകം പ്രശസ്തരായ നേതാക്കന്മാരെ രൂപപ്പെടുത്തിയിട്ടുള്ള അമേരിക്കയിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലേയ്ക്ക് സാഹിത്യ അദ്ധ്യാപകൻ ആയി അവിടുത്തെ പൂർവ വിദ്യാർഥി കൂടിയായ പ്രൊഫസർ ജോണ്‍ കീറ്റിംഗ് ഒരു വിദ്യാലയ വർഷാരംഭത്തിൽ കടന്നു വരുന്നു.എന്നാൽ, സാമ്പ്രദായിക അദ്ധ്യാപന രീതികളോട് ഒട്ടും അനുഭാവം പുലർത്തിയിരുന്ന ആൾ ആയിരുന്നില്ല പ്രൊഫസർ കീറ്റിങ്ങ്. ശൂളമടിച്ചുകൊണ്ട് ആദ്യ ദിവസം ക്ലാസ് റൂമിലേയ്ക്ക് കയറിയെത്തുന്ന പ്രൊഫസർ കീറ്റിങ്ങ് വിദ്യാർഥികളെ അമ്പരപ്പിക്കുന്നു. അടുത്തതായി അയാള് കുട്ടികളെ ക്ലാസ് റൂമിന് പുറത്തേയ്ക്ക് കൊണ്ട്പോവുകയും Carpe Diem എന്ന ആശയം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. സ്വതന്ത്രചിന്താഗതി ഉള്ളവരാകണം വിദ്യാർഥികൾ എന്നാണ് പ്രൊഫസർ വിശ്വസിക്കുന്നത്. അതിനു അയാള് ആദ്യം ചെയ്യുന്നത് ഒരു ഗണിത ശാസ്ത്ര തത്വം പോലെ കവിതയെ വിശകലനം ചെയ്യുവാൻ പറയുന്ന പാഠപ്പുസ്തകത്തിന്റെ അവതാരിക എല്ലാവരുടെയും പുസ്തകത്തിൽ നിന്നും കീറികളയിപ്പിക്കുകയാണ്.പ്രൊഫസറുടെ വീക്ഷണങ്ങൾ പിന്തുടരുന്ന വിദ്യാർഥികൾ ഒരു പുതിയ ലോകം തന്നെ കണ്ടെത്തുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉദ്വേഗ ജനകമായ മാറ്റങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

Green Card, The Truman Show എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത Peter Weir ആണ് ഈ സിനിമയുടെ സംവിധായകൻ. Good Will Hunting എന്ന ചിത്രത്തിലൂടെ നമ്മുക്ക് പരിചിതനായ Robin Willaims പ്രൊഫസർ ജോണ്‍ കീറ്റിങ്ങിന്റെ വേഷത്തിൽ എത്തുന്നു. വളരെ മനോഹരമായ ദൃശ്യാനുഭവം ആണ് ഈ സിനിമ പ്രേക്ഷകന് നല്കുന്നത്. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായി എത്തുന്ന കുട്ടികൾ എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കി. ഒട്ടേറെ അക്കാദമി അവാർഡ് നോമിനേഷനുകൾ നേടിയ ചിത്രം Tom Schulmanന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിക്കൊടുത്തു.


കവിതകളെ ഇഷ്ടപ്പെടുന്നവര്ക്ക് ഒരു വിരുന്നു തന്നെയായിരിക്കും ഈ ചിത്രം. ഒട്ടേറെ കവിതകൽ ചിത്രത്തിൽ കടന്നു വരുന്നുണ്ട്. Carpe Diem എന്ന പ്രയോഗം പോലും ഒരു കവിതയുടെ ആശയത്തിൽ നിന്നാണ് പ്രൊഫസർ കീറ്റിങ്ങ് അവതരിപ്പിക്കുന്നത്‌. സിനിമ പ്രേമികൾക്ക് ഒരു മനോഹര അനുഭവം ആയിരിക്കും ഈ ചിത്രം. ചിലപ്പോലൊക്കെ നമ്മളെത്തന്നെ ഈ ചിത്രത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കും. 'ഡെഡ് പൊയറ്റ്സ് സൊസൈറ്റി' എന്ന പേരിനെ പറ്റി ഞാൻ ഒന്നും പറയാതിരുന്നത് ഇനിയും ഈ ചിത്രം കാണുവാൻ ഉള്ളവര്ക്കുവേണ്ടിയാണ്. സത്യത്തിൽ, ആ പേരിനെ പറ്റിയാണ് എല്ലാം പറയുവാനുള്ളത്. അത് നിങ്ങൾ തന്നെ കണ്ടെത്തുക. അനുഭവിച്ചറിയുക.

Tuesday, 27 August 2013

6. ദി ബക്കറ്റ് ലിസ്റ്റ് (റിവ്യു)


പലപ്പോഴും ആലോചിച്ചിട്ടുണ്ട് നമ്മൾ ആഗ്രഹിക്കുന്നത് പോലെ മാത്രം മുന്നോട്ടു പോകുന്ന ഒരു ജീവിതത്തെ പറ്റി. അങ്ങനെ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ, ജീവിതം, പണ്ടാരോ പറഞ്ഞത് പോലെ, ഒരു പ്രഹേളികയാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, ആരൊക്കെ ജീവനോടെ ഉണ്ടാകുമെന്നോ ആര്ക്കാണ് പറയുവാൻ കഴിയുക? ആ ഭീതി, മരണത്തെക്കുറിച്ചുള്ള ഭയം എല്ലാ മനുഷ്യരിലും സാധാരണയാണ്. എന്നാൽ, എത്രത്തോളം ജീവിതം ജീവിതം ഒളിച്ചു കളിക്കുന്നുവോ, അത്രത്തോളമോ അതിനപ്പുറമോ അതിജീവനത്തിന്റെ പാഠങ്ങൾ തിരിച്ചു ജീവിതത്തിനു പറഞ്ഞു കൊടുക്കുന്ന അത്ഭുത ജീവിയാണ് മനുഷ്യൻ. ഒരുപക്ഷെ, വേദനയോ ദുരിതങ്ങളോ ഒന്നും ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ ഇത്രയും ക്രിയാത്മകത ഉള്ള ഒരുവൻ ആവില്ലായിരുന്നു. അതെ. പരാജയങ്ങളില്ലാതെ വിജയങ്ങളില്ല. താഴ്ച്ചകളില്ലാതെ ഉയര്ച്ചകളില്ല. വേദനകളില്ലാതെ സന്തോഷങ്ങളില്ല. തന്നെ തോൽപ്പിച്ച് തുടങ്ങുന്ന ജീവിതത്തെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച് വിജയികളാവുന്ന, അതെ, മരണത്തിന്റെ മുന്നിലും വിജയികളാവുന്ന 2 മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

പലപ്പോഴും സമ്പത്ത് അല്ല മനുഷ്യന്റെ സുഖ ദുഖങ്ങളുടെ ആധാരം. ധാരാളം പണം ഉള്ളവന് ഒരു നിമിഷം പോലും സമാധാനം അനുഭവിക്കാൻ പട്ടണം എന്നില്ല. പണം ഇല്ലാത്തത് കൊണ്ട് കൊണ്ട് ആരും സമാധാനമില്ലായ്മ അനുഭവിക്കണം എന്നും. ഒരു ആശുപത്രി മുറിയിൽ അവിചാരിതമായി കണ്ടു മുട്ടുന്ന 2 ആളുകൾ . ഒരാള് ആ ആശുപത്രിയുടെ ഉടമസ്ഥൻ. മറ്റെയാൾ ഒരു മെക്കാനിക്കും. ഒരാള് പണത്തിന്റെ ധാരാളിത്തത്തിൽ ജീവിക്കുന്നവൻ. മറ്റെയാൾ കുടുംബത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളെ ബലി കഴിച്ച, എനാൽ ഇന്നും ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങൾ മെനയുന്ന ആൾ. ആദ്യം അകന്നു നിന്ന ഇരുവരെയും ഏകാന്തത അടുപ്പിക്കുന്നു. തമ്മിൽ അറിഞ്ഞു തുടങ്ങിയപ്പോൾ കോടി ജന്മങ്ങൾ അടുപ്പമുള്ളവരെപ്പോലെ ആകുന്നു അവരുടെ പെരുമാറ്റം. ക്യാൻസർ ഇനി തങ്ങൾക്കു നല്കിയിരിക്കുന്നത് മാസങ്ങളുടെ മാത്രം ആയുസാണെന്ന് തിരിച്ചറിയുന്ന അവർ ജീവിതത്തിൽ നഷ്ടപ്പെടുതിയതിനെ എല്ലാം തിരിച്ചു പിടിക്കുവാൻ ഒരുമിച്ചു യാത്ര തുടങ്ങുന്നു. പിന്നെ, സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്. 

ഒരു ആശുപത്രി മുറിയിൽ കണ്ടുമുട്ടുന്ന രണ്ടു പേരുടെ സൗഹൃദം ആണ് ചിത്രത്തിന്റെ കാതൽ. പലപ്പോഴും വര്ഷങ്ങളുടെ സൗഹൃദം വേണമെന്നില്ല നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്യമാകാൻ.ഇന്ന് കണ്ടു മുട്ടുന്ന ഒരാളായിരിക്കാം കഴിഞ്ഞു പോയ വർഷങ്ങളും സൗഹൃദങ്ങളും തന്നതിനേക്കാൾ അറിവും സന്തോഷവും നല്കുക. ജീവിതത്തിന്റെ നിസാരതയും മഹത്വവും ഒരേ സമയം വെളിപ്പെടുത്തുന്ന ചിത്രം. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീര്ക്കുവാൻ ഉണ്ട് എന്ന് ഓര്മിപ്പിക്കുന്ന ചിത്രം.

സംവിധായകൻ Rob Reiner. When Harry met sally, A few good men 
എന്നീ ചിത്രങ്ങളും Reinerഉടെ സൃഷ്ടികളാണ്. Jack Nicholsan ഉം 
Morgan Freeman ഉം അഭിനയിച്ചു തകര്ത്തു. തീര്ച്ചയായും കാണേണ്ട ഒരു ചിത്രം.



5. മോട്ടോർ സൈക്കിൾ ഡയറീസ് (റിവ്യു)

യാത്രയും സാഹസികതയും പശ്ചാത്തലമായി വരുന്ന അനേകം ചിത്രങ്ങൾ ലോക സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ സമീര് താഹിർ ചിത്രം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' ഈ ചങ്ങലയിലെ പുതിയ കണ്ണിയാണ്. എന്നാൽ ഈ ചിത്രങ്ങളിൽ നിന്നെല്ലാം 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന അനശ്വര കാവ്യത്തെ വ്യത്യസ്തമാക്കുന്നത് അത് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളുടെ കഥ പറയുന്നു എന്നത് കൊണ്ട് മാത്രമാണ്. ബ്യൂനസ് ഐറിസിൽ നിന്നും പെറൂവിയൻ ആമസോണിലെയ്ക്കുള്ള ആ യാത്ര എർനെസ്റ്റൊ ഗുവേര എന്ന ചെറുപ്പക്കാരന്റെ ചിന്തകളെയും ജീവിതത്തെ തന്നെയും മാറ്റി മറിച്ചില്ലായിരുന്നു എങ്കിൽ ഈ ചിത്രം ഇത്ര ശ്രദ്ധ നെടുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ചിത്രത്തിന്റെ മഹത്വത്തെ കുറച്ചു കാണിക്കുവാനല്ല, മറിച്ച് ചെഗുവേര എന്ന ആ വിപ്ലവ നക്ഷത്രത്തിന്റെ ജനസമ്മതിയെക്കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമാണ്.
എർനെസ്റ്റൊ ഗുവേര എന്ന ഇരുപത്തിമൂന്നു കാരൻ മെഡിക്കൽ വിദ്യാർഥിയും ആൽബെർട്ടോ ഗ്രനാഡോ എന്ന മുപ്പതുകാരൻ ബയോകെമിസ്റ്റും ചേർന്ന് നടത്തിയ 8000 കിലോമീറ്റർ സാഹസിക യാത്രയുടെ വിവരണമാണ് 'മോട്ടോർ സൈക്കിൾ ഡയറീസ്'. ഒരു സാഹസികത എന്നതിനപ്പുറം വേറെ ഒരു ലക്ഷ്യവുമില്ലാതെ ആരംഭിച്ച യാത്ര പക്ഷെ ജീവിതത്തിന്റെ പച്ചയായ യഥാർത്യങ്ങളെ കാണിച്ചു കൊണ്ട് എർനെസ്റ്റൊയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അവരുടെ യാത്ര ഒരു മനോഹരമായ ചിത്രം പോലെ ക്യാമറ ഒപ്പിയെടുത് നമ്മുക്ക് മുന്നില് വച്ച് തരുന്നു. ലാറ്റിൻ അമേരിക്കയുടെ സൗന്ദര്യം നന്നായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രം. ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും അപരിചിതരായ ആളുകളുടെ ദയ കൊണ്ടാണ് അവർ താമസവും ഭക്ഷണവും കണ്ടെത്തുന്നത്. ചിലയിടങ്ങളിൽ സാധാരണക്കാരായ ആളുകള് കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ അറിയാതെ രോഷം കൊള്ളുകയും പ്രതികരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എർനെസ്റ്റൊ. ലിമയിൽ വച്ചാണ് അയാളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാവുന്നത്. കുഷ്ഠരോഗം ബാധിച്ചവരുടെ ഒരു ശുശ്രൂഷാകേന്ദ്രത്തിൽ സേവനം ചെയ്യാൻ ഒരു ഡോക്ടർ അവരെ ക്ഷണിക്കുന്നു. അവിടെ അയാള് ഒരു പരിവർത്തനത്തിനു വിധേയനാവുകയാണ്. അവിടെ നിന്നും പുറപ്പെടുന്ന എർനെസ്റ്റൊ തികച്ചും പുതിയ ഒരു മനുഷ്യൻ ആയിരുന്നു.അവസാനം അയാള് പറയുന്നു. "ഞാൻ എല്ലാറ്റിനെയും പറ്റി വ്യത്യസ്തമായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്നിൽ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു." പിന്നീട് അയാള് കാസ്ട്രോയോടൊപ്പം ക്യുബയിലും ബോളിവിയയിലും യുദ്ധത്തിൽ ചേർന്ന് എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത്. 
വളരെ നല്ല വീക്ഷണങ്ങൾ ഉള്ള, അടിച്ചമർത്തപ്പെട്ടവരോട് അനുഭവം പുലര്ത്തുന്ന ഒരു സമര നായകനെ ആണ് ഈ ചിത്രം പ്രേക്ഷകന് മുന്നില് എത്തിക്കുന്നത്. സംവിധായകാൻ Walter Salles വളരെ കൃത്യമായും മനോഹരമായും തന്റെ ജോലി ചെയ്തു. പക്ഷെ, ഈ ചിത്രത്തിൽ ഞാൻ കണ്ട പോരായ്മ ചെഗുവേര എന്ന വിപ്ലവ കാരിയുടെ ആദർശങ്ങളെ വികലമായി മനസിലാക്കുവാൻ ഇത് കാരണമായി എന്നതാണ്. യാത്ര നടന്ന കാലത്ത് നിന്നും അയാളുടെ വീക്ഷണങ്ങൾ ഏറെ മാറുന്നുണ്ട് പില്കാലത്ത്. ഇന്ന് ചെഗുവേരയെ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി എല്ലാവരും കൊണ്ടാടുന്നു. എന്നാൽ അയാള് ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നില്ല എന്നതാണ് സത്യം. ചെഗുവേരയുടെ ജീവിതം മുഴുവനായി പരിശോധിച്ചാൽ അത് മനസിലാക്കാൻ കഴിയും. എങ്കിലും, അവതരണ ശൈലി കൊണ്ടും മനോഹരമായ രംഗങ്ങൾ കൊണ്ടും സിനിമ ആസ്വാദകരുടെ മനം കവരും ഈ ചിത്രം. 

Friday, 26 July 2013

4. ദി ബോയ്‌ ഇന് ദി സ്ട്രിപ്‌ഡ്‌ പൈജാമാസ്(റിവ്യു)

ആത്യന്തികമായി ചിന്തിച്ചാൽ യുദ്ധത്തിൽ ജയപരാജയങ്ങൾ ഇല്ല. നഷ്ടങ്ങളുടെ കണക്കു മാത്രമേ എല്ലാ യുദ്ധങ്ങൾക്കും പറയുവാൻ ഉള്ളു. യുദ്ധങ്ങളെപറ്റി ഓരോ ഭാഗത്തിനും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവും. എന്നാൽ ഈ ന്യായീകരണങ്ങൾ എല്ലാം മുതിർന്നവർ എന്ന് ഭാവിക്കുന്നവരുടെ പൊള്ളയായ പിടിവാശികൾ മാത്രമാണ്. കുട്ടികളുടെ മനസ് ഒരിക്കലും യുദ്ധങ്ങളെ പിന്തുണച്ചിട്ടില്ല. കാരണം അവരുടെ ഉള്ളില കപടത ഇല്ല എന്നത് തന്നെ. മനസ്സിൽ നിന്നും കുട്ടിത്തം പറിച്ചുമാറ്റുമ്പോൾ ആണ് ശരിക്കും മനുഷ്യര് തങ്ങളെ തന്നെ സ്നേഹിച്ചു തുടങ്ങുന്നതും മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നതും.

രണ്ടാം  ലോക മഹാ യുദ്ധത്തെ പറ്റി ഒട്ടേറെ സിനിമകൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ചിത്രം എന്നെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു. യുദ്ധത്തിന്റെ ഭീകരത അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥകളിലും അല്ല മനുഷ്യ ജീവന്റെ നാശത്തിലും പരസ്പര സ്നേഹത്തിന്റെ നഷ്ടപെടലിലും ആണെന്ന് ഓർമപ്പെടുത്തുന്ന ചിത്രം. നിഷ്കളങ്കത കൈമോശം വന്നിട്ടില്ലത്തവർ, വലിയ ലോകത്തിന്റെ പോള്ളത്തരങ്ങളെ മനസിലാക്കാൻ കഴിയാത്തവർ. അവരുടെ ഭാഗത്ത്‌ നിന്ന് ഒരു പുനര് വായന ആണ് ഈ ചിത്രം. ഇതിലെ കുട്ടികളുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെ.

ഹൃദയ സ്പർശിയായ ഒരു ചിത്രം. ജോണ്‍ ബോയിന്റെ ഇതേ പേരിലുള്ള നോവലിൽ നിന്നും സൃഷ്ടിച്ചത്. 



Saturday, 20 July 2013

3. സൈലൻസ് ഓഫ് ദി ലാംബ്സ് (റിവ്യു)



അപൂർവ്വം ചില കലാകാരൻമാർ ഉണ്ട്. അപൂർണമായ ഏതു സൃഷ്ടിയും അവരുടെ ഒരു ചെറിയ കരസ്പർശം കൊണ്ട് മഹത്തരങ്ങളായി മാറും. നോവലുകളിൽ നിന്നും സിനിമകൾ എക്കാലവും പിറവി കൊള്ളാറുണ്ട്‌. എന്നാൽ നോവലിനേക്കാൾ അനേകമനേകം മടങ്ങ്‌ മഹത്തരമായി ഒരു സിനിമ മാറുന്നത് സംവിധായകന്റെയും ഒപ്പം തിരക്കഥാകൃത്തിന്റെയും പാടവം കൊണ്ടാണ്. നല്ല സംവിധായകർ അനേകമുണ്ട് സിനിമയുടെ നാൾവഴികളിൽ. എന്നാൽ അവർ ചെയ്ത ചിത്രങ്ങൾ എല്ലാമൊന്നും മഹത്തരങ്ങളായി വിശേഷിപ്പിക്കപ്പെട്ടിട്ടില്ല. സംവിധായകന്റെ മനസ്സിൽ ജീവിക്കുന്ന കഥാപാത്രങ്ങളെ അതിനേക്കാൾ ഉയര്ന്ന തലത്തിൽ ഉൾകൊള്ളാനും ജന്മം നല്കാനും കഴിയുന്ന അഭിനേതാക്കളും ഉണ്ടാവണം. ഈ രണ്ടു കൂട്ടരും ഒന്നിച്ചു ചേരുമ്പോൾ ഇതിഹാസ സൃഷ്ടികൾ ജന്മമെടുക്കുന്നു. അവ ഓരോ കാഴ്ചയിലും അനേകം വിസ്മയങ്ങൾ ആസ്വാദകന്റെ മനസ്സിൽ സൃഷ്ടിക്കുകയും ചെയുന്നു. മേൽപറഞ്ഞ ഇതിഹാസചിത്രങ്ങളിൽ തീര്ച്ചയായും ഉൽപെടുത്തേണ്ട ഒന്നാണ് Jonathan Demme സംവിധാനം ചെയ്തു 1991ൽ പുറത്തുവന്ന 'Silence of the Lambs' എന്ന ചിത്രം. 


സിനിമ ചരിത്രത്തിലെ ഒരു അപൂർവത ആയിരുന്നു ഈ ചിത്രം. ഇത് ഒരു horror സിനിമ അല്ല. പക്ഷെ, ഒരു horror സിനിമയ്ക്ക്‌ വേണ്ട എല്ലാ സവിശേഷതകളും ഉണ്ട് താനും. Anthony Hopkins അനശ്വരമാക്കിയ Dr. Hannibal Lecter സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലൻ ആയി വിലയിരുത്തപ്പെടുന്നു. Jodie Foster അവതരിപ്പിച്ച Clarice Starling എന്ന യുവ FBI ട്രെയിനീ ഏറ്റവും മികച്ച നായികാകഥാപാത്രമായും. Thomas Harrisന്റെ നോവൽ വെറുമൊരു മാനസിക രോഗിയായ കൊലപാതകിയുടെ കഥ പറഞ്ഞപ്പോൾ(ആഖ്യാന ശൈലികൊണ്ട് പക്ഷെ ആ നോവലും ഒരു നല്ല സൃഷ്ടിയായിരുന്നു) Ted Tally എന്ന തിരക്കഥാകൃത്ത് അതിനെ ഒരു ഇതിഹാസത്തിനുള്ള മുളയായി മാറ്റിയെടുത്തു. അനേകം രീതികളിൽ ഈ ചിത്രം വായിക്കപ്പെട്ടിട്ടുണ്ട്. പുറത്തിറങ്ങിയ സമയത്ത് അനേകം കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എങ്കിലും, അതൊന്നും ആ മഹത്തര സൃഷ്ടിയുടെ മാറ്റു കൂട്ടിയതല്ലാതെ കുറച്ചിട്ടില്ല.

Big 5 എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട 5 ഓസ്കാർ അവാർഡുകൾ ഒരുമിച്ചു കരസ്ഥമാക്കിയ മൂന്നേ മൂന്നു ചിത്രങ്ങളെ സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അതിൽ അവസാനത്തേതാണ് ഈ ചിത്രം. ശരിയാണ്, അവാർഡുകൾ ഒരു മാനദണ്ടമേ ആവുന്നില്ലയിരിക്കാം. പക്ഷെ, അത് അവാർഡ് കിട്ടാതെ പോയ ഇതിഹാസങ്ങൾക്കാണ്. ചിലരെ അവാർഡുകൾ അങ്ങോട്ട്‌ തേടി എത്തുക തന്നെ ചെയ്യും.

സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ ചർമം ചെത്തിഎടുക്കുകയും ചെയ്യുന്ന ഒരു serial killer നഗരത്തിൽ പ്രത്യക്ഷപെടുന്നു. 'Buffalo Bill' എന്ന് അറിയപ്പെടുന്ന ആ കൊലയാളിയെ പറ്റി വിവരങ്ങൾ ശേഖരിക്കുവാൻ ഇപ്പോൾ തടവ്‌ ശിക്ഷ അനുഭവിക്കുന്ന മുൻ മനശാസ്ത്രന്ജനും പിന്നീട് ഒരു serial killer ഉം ആയിത്തീർന്ന Dr. Haanibal Lecter(Anthony Hopkins) എന്ന ബുദ്ധിരാക്ഷസനെ ചോദ്യം ചെയ്യുക എന്നതാണ് ഒരു FBI ട്രെയിനീ മാത്രം ആയ Clarice Starling(jodie Foster)ന് മേലധികാരി Jack Crawford (Scott Glenn) നല്കുന്ന ദൗത്യം.

കുറ്റവാസന ഉള്ള മാനസിക രോഗികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന Baltimore State Hospitalൽ അവിടുത്തെ മേധാവി Fredrick Chilton(Anthony Heald) ന്റെ സഹായത്തോടെ ക്ലാരിസ് ലെക്ടരെ കാണുന്നു. ആദ്യം സൌമ്യമായി ഇടപെടുന്ന ലെക്ടർ പെട്ടെന്ന് ഭാവം മാറ്റുകയും ക്ലാരിസിനെ മടക്കി അയക്കുകയും ചെയ്യുന്നു. തിരിച്ചു പോകവേ മറ്റു സെല്ലുകളിൽ ഉള്ള മാനസിക രോഗികൾ എല്ലാം ക്ലാരിസിന്റെ മേൽ ആക്ഷേപ വാക്കുകള ചൊരിയുന്നു. ഒരു മാനസിക രോഗി തന്റെ ശുക്ലം ക്ലാരിസിന്റെ മുഖത്തേയ്ക്കു തെറിപ്പിക്കുന്നു. ഇത് ലെക്ടർക്ക് വളരെ അരോചകം ആയി തോന്നുകയും ക്ലാരിസിനെ അയാള് തിരിച്ചു വിളിക്കുകയും ചെയ്യുന്നു. ലെക്ടർ തന്റെ ഒരു പഴയ രോഗിയുടെ വിലാസം ക്ലാരിസിനു നല്കുന്നു. അത് അന്വേഷിച്ചു ക്ലാരിസ് എത്തുന്നത് ഒരു പഴയ പൂട്ടികിടക്കുന്ന ഷെഡിൽ ആണ്. അവിടെ ഒരു ഭരണിയിൽ ഒരു മനുഷ്യന്റെ അറുത്തു മാറ്റിയ തല ക്ലാരിസ് കണ്ടെത്തുന്നു. അയാൾക്ക് 'Buffalo Bill'നോട് ബന്ധം ഉണ്ടെന്നും, തന്നെ തന്റെ ശത്രു കൂടിയായ Dr.Chiltonന്റെ അടുത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയാൽ ബില്ലിന്റെ ശരിയായ പേര് വെളിപ്പെടുത്താം എന്നും ലെക്ടർ ക്ലാരിസിനോട് പറയുന്നു.

Buffalo Bill ഒരു US സെനട്ടരുടെ മകളായ Catherine Martinനെ തട്ടികൊണ്ട് പോവുന്നു. ഈ സാഹചര്യത്തിൽ ജയിൽ മാറ്റത്തിനുള്ള ഒരു വ്യാജ അംഗീകാരം ലെക്ടരിനു നല്കാൻ ക്ലാരിസിനു മേലധികാരി അനുവാദം നല്കുന്നു. എന്നാൽ, വിവരങ്ങൾ വെളിപെടുത്തുന്നതിനു പകരം ലെക്ടർ ക്ലാരിസുമായി 'Quid Pro Quo' എന്ന ഒരു കളിയില എര്പെടുന്നു. ബില്ലിനെ പറ്റി വിവരങ്ങൾ താൻ നൽകണമെങ്കിൽ ക്ലാരിസിന്റെ ഭൂത കാല ജീവിതത്തെ പറ്റി തന്നോട് പറയണം എന്ന് ലെക്ടർ ആവശ്യ പെടുന്നു. നിയമപ്രകാരം തെറ്റ് ആണെങ്കിലും ക്ലാരിസ് അത് സമ്മതിക്കുന്നു. ഈ സംഭാഷണം രഹസ്യത്തിൽ കേൾക്കുന്ന Chilton താൻ ക്രമീകരിക്കുന്ന പ്ലാൻ അനുസരിച്ച് ലെക്ടരെ അധികാരികൾക്ക് മുന്നില് ഏല്പിക്കുന്നു. ലെകട്ർ പറയുന്ന പേരും വിലാസവും അനുസരിച്ച് അവർ അന്വേഷണം ആരംഭിക്കുന്നു.

ബുദ്ധിമാനായ ലെക്ടർ നല്കിയത് ഒരു വ്യാജ പേര് ആണെന്ന് ക്ലാരിസ് മനസിലാക്കുന്ന്നു. അവൾ ലെക്ടരിനോട് സത്യം പറയാൻ യാചിക്കുന്നു. എന്നാൽ ക്ലാരിസിന്റെ കുട്ടികാലത്തെ പട്ടി പറയുവാൻ ആണ് ലെക്ടർ ആവശ്യപെടുന്നത്. പത്താം വയസിൽ താൻ അനാഥയായെന്നും പിന്നീട് ഒരു ബന്ധുവിന്റെ വീട്ടില് ആയിരുന്നു താമസമെന്നും അവൾ പറയുന്നു. അവിടെ കൊല്ലുവാൻ നിര്ത്തിയിരിക്കുന്ന ആടുകളെ രക്ഷപെടുത്തുവാൻ താൻ ഒരു വിഫല ശ്രമം നടത്തിയെന്നും ആളുകളുടെ കരച്ചില ഇപ്പോളും തന്നെ ഉറക്കത്തിൽ വേട്ടയാടാരുന്ടെന്നും ക്ലാരിസ് പറയുന്നു. അവരുടെ സംഭാഷണം Chiltonഉം പോലീസും ഇടപെട്ടു തടയുമ്പോൾ ലെക്ടർ ക്ലാരിസ് മുൻപ് നല്കിയ കെയ്സ് ഡയറി അവൾക്കു തിരികെ കൊടുക്കുന്നു. അന്ന് വൈകുന്നേരം, കാവല്ക്കാരെ കൊന്നു അതിവിദഗ്ദമായി ലെക്ടർ അവിടെ നിന്ന് രക്ഷപെടുന്നു. (കാവൽക്കാരിൽ ഒരാളെ താൻ കിടന്ന ഇരുമ്പ് കൂടിന്റെ മുകളില ലെക്ടർ കൊന്നു തൂക്കി നിര്ത്തിയിരിക്കുന്ന സീൻ നൂറ്റാണ്ടിലെ ഏറ്റവും പേടിപെടുത്തുന്ന സീനുകളിൽ ഒന്നായാണ് വിലയിരുത്തപെടുന്നത്.)

ലെക്ടർ നല്കിയ വിവരങ്ങൾ അനുസരിച്ച് ക്ലാരിസ് യഥാര്ത കൊലയാളിയെ കുറിച്ച് സൂചനകൾ കണ്ടെത്തുന്നു. ബിൽ ഒരു തയ്യല്കാരൻ കൂടി ആണെന്നും അയാൾ മുറിച്ചു മാറ്റിയ ചരമ ഭാഗങ്ങളുടെ അതെ ആകൃതിയിൽ വസ്ത്രങ്ങൾ തുന്നിയിരുന്നെന്നും ഒരു ഒഴിഞ്ഞ വീട്ടില് നിന്നും ക്ലാരിസ് കണ്ടെത്തുന്നു. ബിൽ ഒരു പെണ്ണ് ആയി മാറാൻ തയ്യാറ എടുക്കുകയാണ് എന്ന് മനസിലായ അവൾ തന്റെ മേലധികാരിയെ വിളിക്കുന്നു. എന്നാൽ അവൾ ലെക്ടരുടെ നോട്ടുകളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ james Gumb എന്ന കുറ്റവാളിയെ തേടി പോയിരുന്നു. തന്റെ വാദത്തിൽ ഉറച്ചു നിന്ന ക്ലാരിസ് ബില്ലിനെ അന്വേഷിച്ചു വേറെ ഒരു വീട്ടില് എത്തുന്നു. എന്നാൽ അവിടെ അവൾ ബില്ലിനെ തന്നെ കണ്ടെത്തുന്നു. അത് ജെയിംസ്‌ ഗുംബ് തന്നെ ആയിരുന്നു. ജീവന പണയം വെച്ചുള്ള പോരാട്ടത്തിൽ അവൾ അയാളെ കൊല്ലുകയും കാതരീനെ രക്ഷിക്കുകയും ചെയ്യുന്നു. 

അത്തവണ ക്ലാരിസിനെ FBI സ്പെഷ്യൽ എജെന്റായി നിയമിക്കുന്നു. ആഘോഷങ്ങൾക്കിടയിൽ ക്ലാരിസിനു ലെക്ടരിന്റെ ഫോണ്‍ എത്തുന്നു. താൻ അവളെ ഒന്നും ചെയ്യില്ലെന്നും പകരം അവൾ തന്റെ പിന്നാലെ വരരുതെന്നും ലെക്ടർ ആവശ്യപെടുന്നു. അത് ബുദ്ധിമുട്ടാണെന്ന് ക്ലാരിസ് മറുപടി നല്കുന്നു. തനിക്കു കൂടുതൽ സംസാരിക്കണം എന്നുന്ടെന്നും പക്ഷെ താൻ ഒരു സുഹൃത്തിനെ വളരെകാലത്ത്തിനു ശേഷം ക്കാണാൻ പോവുകയാണെന്നും പറഞ്ഞു ലെക്ടർ ഫോണ്‍ നിര്ത്തുന്നു. വിമാനതാവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്ന Chiltonനെ പിന്തുടർന്ന് കൊണ്ട് ലെക്ടർ ആൾകൂട്ടത്തിൽ മറയുന്നു.

ഒട്ടേറെ വിവാദങ്ങൾ ഈ ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. അതി ഭീകരമായ മൃതദേഹദൃശ്യങ്ങൾ കാണിക്കുന്നത് സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞു ഒട്ടേറെ പേര് സിനിമയെ എതിർത്തു . അതുപോലെ ബിൽ എന്ന മാനസിക രോഗിയെ സ്വവര്ഗഭോഗിയായി ആണ് ചിത്രീകരിചിരികുന്നത് എന്നും വിമർശനങ്ങൾ ഉണ്ടായി. എന്നാൽ bill ഒരു transexual ആയിരുന്നെന്നും അയാൾക്ക്‌ സ്ത്രീകളോട് ലൈംഗികമായ വികാരങ്ങലില്ലയിരുന്നെന്നും ഒരു സ്ത്രീ ആയി മാറാൻ വേണ്ടി അയാള് കാട്ടികൂട്ടിയ പരാക്രമങ്ങൾ ആയിരുന്നു എല്ലാം എന്നും സിനിമയിൽ നിന്ന് തന്നെ വ്യക്തമാണ്. ഇത്തരം വിവാദങ്ങൾക്കിടയിലും ഈ ചിത്രം ഒര്മിക്കപെടുന്നത് Anthony Hopkins എന്ന മഹാ നടന്റെ അഭിനയ പാടവം കൊണ്ട് തന്നെ ആവും എന്നതില ഒട്ടും സംശയമില്ല.

IMDB rating: 8.7








Friday, 19 July 2013

2. സെയ്ഫ്റ്റി നോട്ട് ഗ്യാരന്റീഡ്‌ (റിവ്യു)


നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: കഥയിൽ ചോദ്യമില്ല (എവിടുത്തെ നിയമം ആണെന്ന് മാത്രം ചോദിക്കരുത്, പ്ലീസ്!!)

ഈ ദിവസങ്ങളിൽ എന്നെ ഏറെ അത്ഭുതപെടുത്തുന്ന സിനിമകൾ എല്ലാം തന്നെ ഞാൻ തന്നെ തിരഞ്ഞു കണ്ടുപിടിക്കുകയും എന്നിട്ടും കാണാതെ സൂക്ഷിക്കുകയും ചെയ്തിരുന്നവ ആണ്. ഇപ്പൊ അത്ഭുദം തോന്നുന്നു. എന്തെ ഇത്ര നാൾ ഇത് കണ്ടില്ല എന്ന്. അപ്പൊ കാര്യത്തിലേയ്ക്ക് കടക്കാം. കോളിൻ ട്രെവേരോവ് സംവിധാനം ചെയ്തു 2012ൽ പുറത്തിറങ്ങിയ സിനിമ ആണ് Safety Not Guaranteed. എന്നെ അത്ഭുതപ്പെടുത്തി എന്ന് പറയുമ്പോ ഏതാണ്ട് മാസ്റ്റർ പീസ്‌ സാധനം ആണെന്ന് തെറ്റിധാരണ വേണ്ട. പക്ഷെ ഈ സിനിമയ്ക്കു ഒരു സൌന്ദര്യം ഉണ്ട്. കാഴ്ചക്കാരനെ അമ്പരപ്പിക്കുന്ന, ഇഷ്ടം തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ ഉണ്ട്. പിന്നെ, ഒരിത്തിരി സസ്പെൻസും. 

കഥ ഇങ്ങനെ. മറ്റുള്ളവർ കാണുന്നത് പോലെ ജീവിതത്തെ കാണാനും സന്തോഷം കണ്ടെത്താനും കഴിയാത്ത ഡാരിയസ് ബ്രിറ്റ്(Aubrey Plaza) ആണ് നമ്മുടെ കഥാനായിക. അമ്മ നേരത്തെ മരിച്ചുപോയ ഡാരിയസ് അച്ഛനോടൊപ്പം ആണ് ജീവിക്കുന്നത്. പഠനത്തിനു ശേഷം Seatlle മാഗസിനിൽ ട്രെയിനീ ആയി ജോലി നോക്കുകയാണ് അവൾ. ഒരു ദിവസം മാഗസിന്റെ എഴുത്തുകാരിൽ ഒരാളായ ജെഫ്(Jake Johnson) ആയിടയ്ക്ക് പത്രത്തിൽ കണ്ട ഒരു പരസ്യത്തെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാം എന്ന് പറയുന്നു. ആ പരസ്യം ഇങ്ങനെ ആയിരുന്നു.
Wanted: Somebody to go back in time with me. This is not a joke. P.O. Box 91 Ocean View, WA 99393. You'll get paid after we get back. Must bring your own weapons. Safety not guaranteed. I have only done this once before. 
ഈ പരസ്യത്തിനു പിന്നിലെ രഹസ്യം കണ്ടുപിടിച്ചാൽ അത് സത്യമാണെങ്കിലും അല്ലെങ്കിലും മാഗസിന് നേട്ടം ഉണ്ടാക്കാം എന്ന് മനസിലാക്കിയ അവരുടെ ബോസ്സ് ബ്രിട്ജെറ്റ്(Mary Lynn Rajskub) സ്റ്റോറി ചെയ്യാൻ അനുവാദം നല്കുന്നു. ജെഫ് തനിക്കു സഹായികളായി ഡാരിയസിനെയും അർനൊയെയും (Karan Soni) ആവശ്യപെടുന്നു. അങ്ങനെ അവർ ആ ടൈം മെഷീന് പിന്നിലെ സത്യം കണ്ടെത്താൻ Ocean View ലേയ്ക്ക് പുറപ്പെടുന്നു. ഒരു ജൈവശാസ്ത്ര ഗവേഷണ വിദ്യാരതി ആയിരുന്ന ആർനോ തന്റെ പ്രൊഫൈലിൽ വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാവണം എന്നാ ആഗ്രഹം കൊണ്ടാണ് ഈ ജോലിയിൽ ചേർന്നത്‌. വൈകാതെ, മൂവരും ചേർന്ന് പരസ്യത്തിന്റെ ഉടമയെ കണ്ടെത്തുന്നു. അപ്പോഴേയ്ക്കും ജെഫ് താൻ ഈ സ്റ്റോറി തിരഞ്ഞെടുത്തതിന്റെ ശരിയായ ഉദ്ദേശം മറ്റു രണ്ടു പേരോടും വെളിപ്പെടുത്തുന്നു. തന്റെ മുൻ കാമുകിയായ ലിസ്(Jenica Bergere) നെ കണ്ടെത്താൻ വേണ്ടിയാണ് അവളുടെ താമസസ്ഥലത്തേയ്ക്ക് തന്നെ അയാള് വരുന്നത്.

പരസ്യം നല്കിയ ആൾ ഒരു ലോക്കൽ സൂപ്പർ മാർക്കറ്റിലെ ക്ലെർക്ക്‌ ആയ കെന്നത്ത്(Mark Duplass) ആണെന്ന് അവർ കണ്ടെത്തുന്നു. ജെഫ് കേന്നെത്തിനെ സമീപിച്ചെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയത് കൊണ്ട് കെന്നത്ത് അയാളെ തിരിച്ചയച്ചു. അങ്ങനെ ആ ദൗത്യം ഡാരിയസ്ഏറ്റെടുക്കുന്നു. കേന്നെത്തുമായുള്ള സ്വഭാവ സമാനത കൊണ്ട് ഡാരിയസ് തന്റെ ലക്‌ഷ്യം പെട്ടെന്ന് തന്നെ നിറവേറ്റുന്നു. തന്റെ പിന്നാലെ എപ്പോളും ഗവണ്മെന്റ് എജെന്റുകൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന കെന്നെത്ത്, പക്ഷെ ഏതാനും പരിശീലന വേളകൾ കൊണ്ട് തന്നെ ഡാരിയനിൽ വിശ്വാസം അര്പിക്കുന്നു. അങ്ങനെ 2 പേരും എന്ത് കൊണ്ട് തങ്ങൾക്കു തിരിച്ചു പോണം എന്നതിനെപറ്റി സംസാരിക്കുന്നു. ഡാരിയനു തന്റെ മരിച്ചു പോയ അമ്മയെ വീണ്ടെടുക്കണം. കേന്നെത്ത്തിനു  തടയേണ്ടത് തന്റെ കാമുകിയായ ബെലിന്ടയുടെ( Kirsten Bell) മരണം ആണ്. അവളുടെ വീട്ടിലേയ്ക്ക് ആരോ മദ്യപിച്ചു കാര് ഓടിച്ചു കയറ്റി അവൾ കൊല്ലപെട്ടു എന്ന് കെന്നത്ത് പറയുന്നു.
ഇതേസമയം, ജെഫ് ലിസ്സിനെ കണ്ടെത്തുന്നു. പഴയ കാര്യങ്ങളെ പറ്റി ഓർമ്മകൾ പങ്കുവെച്ചു അവർ ഒത്തിരി നേരം സംസാരിക്കുന്നു. ഒടുവില, തന്റെ ഒപ്പം വരാൻ ജെഫ് ലിസ്സിനെ ക്ഷണിക്കുന്നു. എന്നാൽ അവൾ ആ ക്ഷണം വിസ്സമ്മതിക്കുന്നു. ഇതിൽ കുപിതനായി തിരികെയെത്തുന്ന ജെഫ് ആർനോയെയും കൊണ്ട് രാത്രി പുറത്തേയ്ക്ക് പോകുന്നു. വഴിയില വെച്ച് കാണുന്ന 3 പെണ്‍കുട്ടികളുമായി അവർ പരിച്ചയപെടുന്നു. ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കണം എന്ന് അർനൊയൊടു പറയുന്ന ജെഫ് ആ പെണ്‍കുട്ടികളിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവനെ നിർബന്ധിക്കുന്നു. ആദ്യം എതിർക്കുന്നെങ്കിലും ആർനോ ഒടുവിൽ ജെഫിന്റെ ആഗ്രഹത്തിന് വഴങ്ങുന്നു. 

ഡാരിയസ് അന്ന് കെന്നെത്തിന്റെ കൂടെ അയാളുടെ വീട്ടില് തങ്ങുന്നു. തനിക്കു അറിയാതെ അയാളോട് ഇഷ്ടം തോന്നി തുടങ്ങുന്നതി അവൾ മനസിലാക്കുന്നു. പിറ്റേ ദിവസം ജെഫ്നു ബോസ്സിന്റെ ഫോണ്‍ വരുന്നു. അവർ നല്കിയ വിവരങ്ങൾ വെച്ച് അന്വേഷിച്ചപ്പോൾ ബെലിണ്ട മരിച്ചിട്ടില്ല എന്ന് ബോസ്സ് കണ്ടെത്തുന്നു. ഡാരിയസ് ബെലിണ്ടയെ കണ്ടു സംസാരിക്കുന്നു. അവരില നിന്നും കെന്നെത്ത് അവരുടെ ഒരു അകന്ന സുഹൃത്ത്‌ മാത്രം ആയിരുന്നെന്നും അയാൾ ഒരിക്കൽ ബെലിണ്ടയുടെ കാമുകന്റെ വീട്ടിൽ കാർ ഇടിപ്പിച്ചു കയറ്റി എന്നും ഡാരിയസ് മനസിലാക്കുന്നു. അന്ന് ആര്ക്കും അപകടം ഒന്നും സംഭാവിക്കഞ്ഞത് കൊണ്ടും കേന്നെത്ത്തിന്റെ വ്യത്യസ്തമായ സ്വഭാവം അറിയാവുന്നത് കൊണ്ടും അവർ പോലീസിൽ പരാതിപെട്ടില്ല. അവിടെ നിന്നും പുറത്തിറങ്ങുന്ന ഡാരിയാസിനെ 2 ഗവണ്മെന്റ് എജെന്റുമാർ ചോദ്യം ചെയുന്നു. കെന്നെത്ത് പല ശാസ്ത്രഞ്ഞന്മാരുമായും ബന്ധപെടാരുണ്ടായിരുന്നെന്നും അതുകൊണ്ട് അയാള് ഒരു ചാരാൻ ആണെന്ന് അവർ സംശയിക്കുന്നതായും അവർ പറഞ്ഞു.

ഡാരിയസ് കേന്നെത്ത്തിന്റെ വീട്ടില് മടങ്ങി എത്തി ബെലിണ്ടയുടെ കാര്യം അയാളോട് സംസാരിക്കുന്നു. എന്നാൽ ബെലിണ്ട ജീവനോടെ ഉണ്ടെങ്കിൽ തന്റെ time travel വിജയിച്ചു എന്നാണ് അയാൾ പ്രതികരിക്കുന്നത്. ഇതേ സമയം ഗവണ്മെന്റ് എജെന്റുമാരെപറ്റി മുന്നറിയിപ്പ് നല്കാൻ ജെഫ്ഫ് അവിടെയ്ക്ക് കടന്നു വരുന്നു. സത്യങ്ങള എല്ലാം മനസിലാക്കിയ കെന്നെത്ത് ഡാരിയസ് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് വിശ്വസിക്കുന്നു. അയാൾ അവിടെ നിന്നും ഓടി രക്ഷപെടുന്നു. അതെ ദിവസം ആണ് അവർ യാത്രയ്ക്കായി തീരുമാനിച്ചിരുന്നത്. അത് കൊണ്ട് ഡാരിയസ് അയാളെ അന്വേഷിച്ചു അയാൾ നേരത്തെ പറഞ്ഞ സ്ഥലത്ത് എത്തുന്നു. അവളുടെ പിന്നാലെ ജെഫ്, അർണോ, ഗവണ്മെന്റ് എജെന്റുമാർ എന്നിവരും. അവിടെ ഒരു അത്ഭുത വസ്തു അവർ കാണുന്നു. ഒരു സമയ യന്ത്രം. ഡാരിയസ് തൻ അയാളെ വഞ്ചിചിട്ടില്ലെന്നു കേന്നെതിനോട് പറയുന്നു. അയാൾ അവളെ അയാളോടൊപ്പം ക്ഷണിക്കുന്നു. ഇനി താൻ പോകുന്നത് തനിക്കു വേണ്ടി അല്ല ഡാരിയസിന്റെ ഭൂതകാലം ശരിയാക്കാൻ ആണ് എന്ന് കെന്നെത്ത് അവളോട്‌ പറയുന്നു. അവർ ആലിംഗന ബദ്ധരാവുന്നു. അവർ ദീര്ഘമായ ഒരു ചുംബനത്തിൽ മുഴുകി നില്കുന്നതിനു ഇടയ്ക്ക് വെച്ച്( ഇവിടെ ആണ് ഞാൻ സിനിമ അല്പമെങ്കിലും വെറുത്തത്. അത്രയും നേരം ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു പടം. പക്ഷെ പിന്നീട് വിക്കിപീഡിയയിൽ പടത്തിന്റെ പേരിനൊപ്പം COMEDY എന്ന് കണ്ടപ്പോൾ ആണ് ഇത്തിരി സമാധാനം ആയതു!!! ഹിഹി ) എല്ലാവരും കാണ്‍കെ അവർ രണ്ടു പേരും ആ സമയ യന്ത്രത്തോടൊപ്പം അപ്രത്യക്ഷരാകുന്നു.

വളരെ മനോഹരമായ അവതരണം ആണ് സിനിമയെ വേറിട്ട്‌ നിരത്തുന്നത്. പിന്നെ, ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു നിഷ്കലങ്ങാത്ത ഉണ്ട്. KPAX കണ്ടു ഞാൻ അതിശയിച്ചതാണ്. ഇടയ്ക്ക് വെച്ച് അതുപോലെ ആവുമോ ഇതും എന്നൊക്കെ തോന്നി. അങ്ങനെ ഒരു പിരിമുറുക്കം സംവിധായകൻ മനപ്പോര്വം സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. നമ്മളെ കൂടുതൽ പ്രതീക്ഷിക്കാൻ പ്രേരിപ്പിച്ചു കൊണ്ട്. Aubrey Plaza യും Mark Duplassഉം തങ്ങളുടെ ഭാഗം ഭംഗിയാക്കി. യാത്രയ്ക്ക് വേണ്ടി അവർ ഒരുമിച്ചു തയാറെടുക്കുന്ന ഭാഗങ്ങൾ എന്നെ ഒത്തിരി ഇഷ്ടപെടുത്തി. വേറെ ഒരു കാര്യം, നായികയുടെ മുഖഭാവങ്ങൾ ക്യാമറ സൂക്ഷ്മമായി ഒപ്പിയെടുത്തു എന്നുള്ളതാണ്. ഇമോഷന്സ് പ്രകടിപ്പിക്കുമ്പോൾ ഒരു സുന്ദരമായ നിറവ്യത്യാസം സംഭവിക്കുന്ന നായികയുടെ കവിളുകൾ ഓരോ ഷോട്ടിലും എന്നെ ആകര്ഷിക്കുക തന്നെ ചെയ്തു.
പിന്നെ, സമയ യന്ത്രം. അതിനാണ് ആദ്യം ഞാൻ ഒരു പ്രസ്താവന നടത്തിയത്. കഥയിൽ ചോദ്യമില്ല. ഒന്നും ഊഹിക്കാൻ കഥ അവസരം നല്കുന്നില്ല എന്നതാണ് സത്യം. KPAXമായി തട്ടിച്ചു നോക്കിയാൽ കഥ വളരെ ദുർബലം ആണ്.( കഥ സാമ്യം ഉണ്ടായിട്ടല്ല കേട്ടോ. പക്ഷെ, ഇത് കണ്ടിരുന്നപ്പോൾ പലതവണ ആ പടം എന്റെ മനസ്സിൽ വന്നു. ആ റിവ്യു എഴുതാം, പിന്നെ). കഥയിലുള്ള ആ ബലമില്ലായ്മ നല്ല അവതരണ ശൈലി കൊണ്ട് സംവിധായകനും തകര്പ്പാൻ അഭിനയം കൊണ്ട് കഥാപാത്രങ്ങളും മറികടന്നു എന്ന് തന്നെ പറയാം.

IMDB rating : 7.1
Personal Rating: 7.5








Thursday, 18 July 2013

1. വാനില സ്കൈ (റിവ്യു)


കുട്ടിക്കാലത്ത് വായനാദിനത്തിന് കാണാപ്പാഠം പഠിച്ചു പറഞ്ഞ പ്രസംഗത്തിലെ ഒരു കാര്യം ഇന്നും ഞാൻ കൃത്യമായി ഓര്ക്കുന്നുണ്ട്. അത് ഒരു വിവരണവും ചിത്രവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ആയിരുന്നു. അതിങ്ങനെ: "ഒരു രാജാവ് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങള്ക്ക് ചിന്തിക്കുവാൻ അനേകം സാധ്യതകൾ ഉണ്ട്. എന്നാൽ ഒരു രാജാവിന്റെ ചിത്രം ഞാൻ നിങ്ങളെ കാണിച്ചാൽ നിങ്ങളുടെ ചിന്ത അതിലേയ്ക്ക് ചുരുങ്ങുന്നു." സിനിമയ്ക്കും ഇതേ കുഴപ്പമുണ്ട്. എന്നാൽ ചില അപൂർവ്വം ചിത്രങ്ങളുണ്ട്. അത് സൃഷ്ടിക്കുന്ന അപൂര്വം ചില കലാകാരന്മാരും ഉണ്ട്. വായന പോലെ അനേകം സാധ്യതകൾ നല്കുന്ന, ഓരോ നിമിഷവും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ അങ്ങനെ ഉള്ളവര്ക്കെ ഉണ്ടാക്കാൻ കഴിയു. അങ്ങനെ ഒരു ചിത്രമാണ് Cameron Crowe സംവിധാനം ചെയ്ത 'Vanila Sky'. Tom Cruise, Penelope Cruz, Kurt Russel, Jason Lee, Cameron Diaz, Noah Taylor എന്നിവര് ആണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
കണ്ടു തുടങ്ങിയപ്പോൾ ഞാൻ കരുതി ഇതാ വീണ്ടും ഒരു psychic ചിത്രം കൂടി എന്ന്. പക്ഷെ, ആ കാർ അപകടത്തിനു ശേഷം നടക്കുന്ന കാര്യങ്ങൾ അവസാനം വരെ ശ്വാസമടക്കിപ്പിടിച്ചു കാണേണ്ടി വന്നു എനിക്ക്. അത്രയ്ക്ക് ഗംഭീരം ആണ് അവതരണ രീതി. പറയാനുള്ളതെല്ലാം സംവിധായകൻ തന്നെ പറയാതെ പ്രേക്ഷകന്റെ സ്വാതന്ത്ര്യത്തിനു വിടുന്ന ശൈലി വേറെയും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഒത്തിരി വ്യത്യസ്തമാണ് ഈ ചിത്രം. സംവിധയകാൻ Cameron Crowe പറയുന്നത് 5 തരത്തിൽ ഈ സിനിമയുടെ കഥ മനസിലാക്കാം എന്നാണു. 
പിതാവിന്റെ മരണത്തോടെ ന്യൂ യോർക്ക്‌ സിറ്റിയിലെ ഒരു വലിയ പ്രസാധക കമ്പനിയുടെ തലപ്പത്തേയ്ക്കുയര്ന്ന ഡേവിഡ്‌ ആഡംസ്(ടോം ക്രൂയിസ്) ആണ് കേന്ദ്ര കഥാപാത്രം. ഒരു കൊലപാതക കുറ്റം ചുമത്തപ്പെട്ടു ജയിലിൽ ആയ ഡേവിഡ്‌ മനശാസ്ത്രഞ്ജൻ ആയ Dr. Curtis McCabe( Kurt Russel ) നോട് തന്റെ കഥ പറയുക ആണ്. സമ്പത്തിന്റെ എല്ലാ ആർഭാടങ്ങളോടെയും ജീവിച്ച ഡേവിഡ്‌ തന്റെ ജന്മ ദിന പാർട്ടിയിൽ വച്ച് സുഹൃത്തായ Brian Shelby(Jason Lee ) വഴി Sofia Serrano (Penelope Cruz) യെ പരിചയപ്പെടുന്നു. അവർ ആ രാത്രി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയുന്നു. സോഫിയയെ പറ്റി അറിഞ്ഞ ഡേവിഡ്‌ന്റെ മുൻ കാമുകി Julianna Gianni(Cameron Diaz) താനും ഡേവിഡ്‌-ഉം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുത്തി ഒരുമിച്ചു മരിക്കാൻ ശ്രമിക്കുന്നു. ജൂലിയ മരിച്ചു. എന്നാൽ ഡേവിഡ്‌ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു. എന്നാൽ അയാളുടെ മുഖം അപകടത്തിന്റെ ഫലമായി വികൃതമാവുന്നു. അത് മറക്കാൻ ഒരു മുഖംമൂടി ഡോക്ടർമാർ അയാള്ക്ക് നല്കുന്നു. എന്നാൽ, സാഹചര്യങ്ങളോട് പൊരുത്തപെടാൻ ആവാതെ ഡേവിഡ്‌ അന്ന് രാത്രിയിൽ ഒരു ബാറിൽ വച്ച് അമിതമായി മദ്യപിക്കുന്നു. സോഫിയ പോയതിനു അയാള് തെരുവില ഒരിടത്ത് തളർന്നു വീഴുന്നു.


(ഇനി ആണ് മക്കളെ  twist) രാവിലെ ഡേവിഡ്‌ ഉറക്കം ഉണരുന്നത് തെരുവില തന്റെ മുന്നില് നില്കുന്ന സോഫിയയെ കണ്ടു കൊണ്ടാണ്. അവർ ഒരുമിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോവുകയും ഡേവിഡ്‌ തന്റെ മുഖം പ്ലാസ്റ്റിക്‌ സർജറിക്ക് വിധേയമാക്കുകയും ചെയുന്നു. എന്നാൽ ചില പ്രശ്നങ്ങൾ ഡേവിഡ്‌നു തോന്നത്തുടങ്ങുന്നു. മുഖത്ത് പാടുകൾ ഉണ്ടാവുന്ന പോലെ തോന്നലുകൾ, ബാറിൽ വച്ച് കണ്ടു മുട്ടുന്ന അപരിചിതന്റെ വാക്കുകൽ ഇതെല്ലം അയാളെ പെടിപെടുത്തുന്നു പിറ്റേ ദിവസം സോഫിയയുടെ മുറിയില എത്തുന്ന ഡേവിഡ്‌ അവിടെ കാണുന്നത് ജൂലിയയെ ആണ്. മുൻപ് അയാള് സോഫിയയുടെ മുഖം കണ്ട ഫോട്ടോകളിൽ എല്ലാം ഇന്ന് അയാള് ജൂലിയയുടെ മുഖം കാണുന്നു. എന്നാൽ അയാളെ അതിശയിപിച്ചു ഈ രണ്ടു മുഖങ്ങളും മാറിമാറി പ്രത്യക്ഷപ്പെടുന്നു. വല്ലാത്ത ഒരു മാനസിക വിഭ്രാന്തിയിൽ എത്തുന്ന ഡേവിഡ്‌ ജൂലിയയെ കൊല്ലുന്നു. അവിടെ നിന്നാണ് അയാൾ ജയിലിലും Dr.Curtis ന്റെ പക്കലും എത്തുന്നത്.

ഒരിക്കൽ ഡോക്ടറോട് സംസാരിക്കുന്നതിനിടയിൽ ഡേവിഡ്‌ ജയിലിലെ ടി വി യിൽ 'Life Extension' എന്ന കമ്പനിയുടെ പരസ്യം കാണുന്നു. ഓർമയിൽ എന്തോ കിട്ടിയ ഡേവിഡ്‌ ഡോക്ടരുടെ സഹായത്തോടെ അവിടെ എത്തുന്നു. ഇപ്പോൾ ചികിത്സ ലഭ്യമല്ലാത്ത രോഗങ്ങൾ ഉള്ളവർ മരിച്ചു കഴിഞ്ഞാലുടനെ അവരുടെ ശരീരം പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തൽ തണുപ്പിച്ചു സൂക്ഷിച്ചു ആ രോഗത്തിനുള്ള പ്രതിവിധി കണ്ടെത്തുമ്പോൾ പുനര്ജീവിപ്പിക്കുന്ന സേവനം ആണ് അവർ നല്കുന്നത്. ഇങ്ങനെ ഉള്ളവർ ഒരു 'lucid dream' ൽ ആയിരിക്കും. ( താൻ സ്വപ്നം കാണുകയാണെന്ന് സ്വപ്നം കാണുന്ന ആള്ക്ക് തോന്നുന്ന അവസ്ഥയാണ് ഇത്) ഇത് മനസിലാക്കിയ ഡേവിഡ്‌ ഡോക്ടറുടെ അടുത്ത് നിന്നും തനിക്കു സാങ്കേതിക സഹായം നല്കാൻ നിയോഗിച്ചിരിക്കുന്ന ആളുടെ പക്കലെയ്ക്ക് എത്തുന്നു. ഇയാൾ ആണ് ഡേവിഡ്‌ മുൻപ് ബാറിൽ വച്ച് കണ്ടു മുട്ടുന്ന അപരിചിതാൻ.(Noah Taylor). 

അയാളുടെ കൂടെ ലിഫ്റ്റിൽ പോകുമ്പോൾ താൻ മരിച്ചിട്ട് 150 വര്ഷം ആയെന്നു ഡേവിഡ്‌ മനസിലാക്കുന്നു. തൻ കമ്പനിയുമായി ഒപ്പ് വച്ച ഉടമ്പടി പ്രകാരം സൊഫിയയുമയി പിരിഞ്ഞ രാത്രി തെരുവില നിന്നും വീട്ടിലെത്തി വേദന സംഹാരികൾ അമിത അളവിൽ കഴിച്ചു മരണമടഞ്ഞ ഡേവിഡ്‌ -ന്റെ ശരീരം കമ്പനി സൂക്ഷിച്ചു വച്ചു. അന്ന് മുതൽ അയാൾ ആ സ്വപ്നത്തിൽ ആയിരുന്നു. എന്നാൽ അയാളുടെ ഉപബോധ മനസിലെ ചിന്തകൾ കൂടിക്കുഴഞ്ഞു ആ സ്വപ്നം ഭീകരമായ ഒരു അനുഭവമായി മാറി. അങ്ങനെ ആണ് അയാള് സോഫിയയെയും ജൂലിയയെയും തമ്മിൽ മാറിപ്പോകുന്നതും തന്റെ അച്ഛന്റെ ഓർമകളിൽ നിന്ന് അത്പോലെ വാത്സല്യം കാണിക്കുന്ന Dr. Curtisനെ സൃഷ്ടിക്കുന്നതും. 

ലിഫ്റ്റിൽ മുകളിൽ എത്തുന്ന ഡേവിഡ്‌നു മുന്നില് 2 അവസരങ്ങൾ ആണ് കമ്പനി വയ്ക്കുന്നത്. ഒന്ന്, അയാളുടെ ഇഷ്ട പ്രകാരം തിരുത്തലുകൾ വരുത്തി ആ സ്വപ്നത്തിൽ തന്നെ തുടരുക. രണ്ടു, യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവുക. ജീവിതത്തിൽ ഉടനീളം സ്വപ്നങ്ങൾ മൂലം വലഞ്ഞ ഡേവിഡ്‌ ശരിക്കുള്ള ജീവിതം തിരിയെ വാങ്ങാൻ തീരുമാനിക്കുന്നു. ബ്രയാനും സോഫിയയും യാത്ര പറയാൻ എത്തിയതായി അയാൾ കാണുന്നു. ( ഇപ്പളും കമ്പനി പറഞ്ഞത് അനുസരിച്ച് സ്വപ്നം ആണേ!!) ചെറുപ്പം മുതൽ ഉയരങ്ങൾ പേടി ആയ അയാളോട് പഴയ ജീവിതതിലെയ്ക്കുള്ള തിരിച്ചു പോകളിനുള്ള മാർഗം ആയി നിർദേശിക്കുന്നത് താഴേയ്ക്ക് ചാടുക എന്നാണു. ജീവിതം തിരിച്ചു കിട്ടാൻ ഭയം മറന്നു അയാള് ചാടുന്നു. വീഴ്ചയ്ക്കിടയിൽ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും അയാളുടെ മനസിൽ മിന്നി മറയുന്നു. നിലം തൊടുന്നതിനു മുന്ന് അയാളുടെ മനസ് ശൂന്യമാകുന്നു. സ്ക്രീനും. പിന്നെ ഡേവിഡ്‌നോട് ഉണരാൻ ആവശ്യപെട്ടുകൊണ്ടുള്ള ഒരു സ്ത്രീ ശബ്ദമാണ് കേള്ക്കുക. ഡേവിഡ്‌ കണ്ണ് തുറക്കുന്ന ക്ലോസപ്പ് ഷോട്ടിൽ പടം പൂർണം ആകുന്നു.

വളരെ മനോഹരം എന്നേ ഇതിനെ വിളിക്കാൻ ആവു. സിനിമയുടെ പേര് വന്നിരികുന്നത് Claude Monet എന്ന ചിത്രകാരന്റെ ഇതേ പേരില് ഉള്ള ചിത്രത്തിൽ നിന്നും ആണ്. ആ ചിത്രം സിനിമയുടെ ഇടയ്ക്ക് കാണിക്കുന്നുമുണ്ട്. 

Claude Monet's Vanilla Sky


സംവിധായകന്റെ നിരീക്ഷണത്തിൽ പല രീതിയിൽ ഈ കഥയെ സമീപിക്കാം.
1. Life Extension പറയുന്നതാണ് സത്യം. ഡേവിഡ്‌ 150 വര്ഷം ഒരു സ്വപ്നത്തിലായിരുന്നു. വീഴ്ചയ്ക്ക് ശേഷം അയാൾ തിരിച്ചു ഉണരുന്നു.
2. സിനിമ മുഴുവനും ഒരു സ്വപ്നം ആണ്. ഡേവിഡ്‌ ന്റെ കാറിൽ ഫെബ്രുവരി 30 എന്ന തിയതി കാണിക്കുന്നുണ്ട്.
3. കാറപകടത്തിനു ശേഷം ഉള്ളതാണ് സ്വപ്നം. 
4. സിനിമയിൽ ബ്രയാൻ എഴുതുന്നതായി പറയുന്ന നോവലിന്റെ കഥയാണ് ഇതെല്ലം.     
പക്ഷെ lucid dream എന്ന അവസ്ഥയാണ് സത്യം എന്നാണ് എനിക്ക് തോന്നിയത്. എന്ത് തന്നെ ആയാലും കാഴ്ച്ചകാരന്റെ ചിന്തയെ പരീക്ഷിക്കുന്ന ഒട്ടനേകം സീനുകൾ സംവിധായകാൻ ഒരുക്കിയിട്ടുണ്ട്. തീര്ച്ചയായും ഈ സിനിമ ഒരു യഥാര്ത സിനിമ ആസ്വാദകനെ തൃപ്ത്തിപെടുത്തുക തന്നെ ചെയ്യും.