യാത്രയും സാഹസികതയും പശ്ചാത്തലമായി വരുന്ന അനേകം ചിത്രങ്ങൾ ലോക സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ സമീര് താഹിർ ചിത്രം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' ഈ ചങ്ങലയിലെ പുതിയ കണ്ണിയാണ്. എന്നാൽ ഈ ചിത്രങ്ങളിൽ നിന്നെല്ലാം 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന അനശ്വര കാവ്യത്തെ വ്യത്യസ്തമാക്കുന്നത് അത് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളുടെ കഥ പറയുന്നു എന്നത് കൊണ്ട് മാത്രമാണ്. ബ്യൂനസ് ഐറിസിൽ നിന്നും പെറൂവിയൻ ആമസോണിലെയ്ക്കുള്ള ആ യാത്ര എർനെസ്റ്റൊ ഗുവേര എന്ന ചെറുപ്പക്കാരന്റെ ചിന്തകളെയും ജീവിതത്തെ തന്നെയും മാറ്റി മറിച്ചില്ലായിരുന്നു എങ്കിൽ ഈ ചിത്രം ഇത്ര ശ്രദ്ധ നെടുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ചിത്രത്തിന്റെ മഹത്വത്തെ കുറച്ചു കാണിക്കുവാനല്ല, മറിച്ച് ചെഗുവേര എന്ന ആ വിപ്ലവ നക്ഷത്രത്തിന്റെ ജനസമ്മതിയെക്കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമാണ്.
എർനെസ്റ്റൊ ഗുവേര എന്ന ഇരുപത്തിമൂന്നു കാരൻ മെഡിക്കൽ വിദ്യാർഥിയും ആൽബെർട്ടോ ഗ്രനാഡോ എന്ന മുപ്പതുകാരൻ ബയോകെമിസ്റ്റും ചേർന്ന് നടത്തിയ 8000 കിലോമീറ്റർ സാഹസിക യാത്രയുടെ വിവരണമാണ് 'മോട്ടോർ സൈക്കിൾ ഡയറീസ്'. ഒരു സാഹസികത എന്നതിനപ്പുറം വേറെ ഒരു ലക്ഷ്യവുമില്ലാതെ ആരംഭിച്ച യാത്ര പക്ഷെ ജീവിതത്തിന്റെ പച്ചയായ യഥാർത്യങ്ങളെ കാണിച്ചു കൊണ്ട് എർനെസ്റ്റൊയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അവരുടെ യാത്ര ഒരു മനോഹരമായ ചിത്രം പോലെ ക്യാമറ ഒപ്പിയെടുത് നമ്മുക്ക് മുന്നില് വച്ച് തരുന്നു. ലാറ്റിൻ അമേരിക്കയുടെ സൗന്ദര്യം നന്നായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രം. ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും അപരിചിതരായ ആളുകളുടെ ദയ കൊണ്ടാണ് അവർ താമസവും ഭക്ഷണവും കണ്ടെത്തുന്നത്. ചിലയിടങ്ങളിൽ സാധാരണക്കാരായ ആളുകള് കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ അറിയാതെ രോഷം കൊള്ളുകയും പ്രതികരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എർനെസ്റ്റൊ. ലിമയിൽ വച്ചാണ് അയാളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാവുന്നത്. കുഷ്ഠരോഗം ബാധിച്ചവരുടെ ഒരു ശുശ്രൂഷാകേന്ദ്രത്തിൽ സേവനം ചെയ്യാൻ ഒരു ഡോക്ടർ അവരെ ക്ഷണിക്കുന്നു. അവിടെ അയാള് ഒരു പരിവർത്തനത്തിനു വിധേയനാവുകയാണ്. അവിടെ നിന്നും പുറപ്പെടുന്ന എർനെസ്റ്റൊ തികച്ചും പുതിയ ഒരു മനുഷ്യൻ ആയിരുന്നു.അവസാനം അയാള് പറയുന്നു. "ഞാൻ എല്ലാറ്റിനെയും പറ്റി വ്യത്യസ്തമായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്നിൽ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു." പിന്നീട് അയാള് കാസ്ട്രോയോടൊപ്പം ക്യുബയിലും ബോളിവിയയിലും യുദ്ധത്തിൽ ചേർന്ന് എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത്.
വളരെ നല്ല വീക്ഷണങ്ങൾ ഉള്ള, അടിച്ചമർത്തപ്പെട്ടവരോട് അനുഭവം പുലര്ത്തുന്ന ഒരു സമര നായകനെ ആണ് ഈ ചിത്രം പ്രേക്ഷകന് മുന്നില് എത്തിക്കുന്നത്. സംവിധായകാൻ Walter Salles വളരെ കൃത്യമായും മനോഹരമായും തന്റെ ജോലി ചെയ്തു. പക്ഷെ, ഈ ചിത്രത്തിൽ ഞാൻ കണ്ട പോരായ്മ ചെഗുവേര എന്ന വിപ്ലവ കാരിയുടെ ആദർശങ്ങളെ വികലമായി മനസിലാക്കുവാൻ ഇത് കാരണമായി എന്നതാണ്. യാത്ര നടന്ന കാലത്ത് നിന്നും അയാളുടെ വീക്ഷണങ്ങൾ ഏറെ മാറുന്നുണ്ട് പില്കാലത്ത്. ഇന്ന് ചെഗുവേരയെ ഒരു കമ്മ്യൂണിസ്റ്റ് ആയി എല്ലാവരും കൊണ്ടാടുന്നു. എന്നാൽ അയാള് ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല എന്നതാണ് സത്യം. ചെഗുവേരയുടെ ജീവിതം മുഴുവനായി പരിശോധിച്ചാൽ അത് മനസിലാക്കാൻ കഴിയും. എങ്കിലും, അവതരണ ശൈലി കൊണ്ടും മനോഹരമായ രംഗങ്ങൾ കൊണ്ടും സിനിമ ആസ്വാദകരുടെ മനം കവരും ഈ ചിത്രം.


.jpg)
No comments:
Post a Comment