
വിദ്യാലയകാലത്ത് നമ്മെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്നത് നല്ല അദ്ധ്യാപകർക്കാണ് എന്ന് നിസംശയം പറയാം. പല മഹത്വ്യക്തികളും തങ്ങളുടെ ജീവിതം വഴിതിരിച്ചുവിട്ട അദ്ധ്യാപകരെപ്പറ്റി അഭിമാനത്തോടെ പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. അല്ലെങ്കിൽ വായിച്ചിട്ടുണ്ട്. നമ്മുടെ തന്നെ ജീവിതത്തിലും നമ്മുടെ ആരാധ്യപാത്രമായി നാം കൊണ്ട് നടക്കുന്ന ഒരു അദ്ധ്യാപകൻ എങ്കിലും ഉണ്ടാവും. പാഠപ്പുസ്തകത്തിലുള്ളവ വീണ്ടും ചൊല്ലിത്തരുന്നതിനേക്കാൾ ജീവിക്കാൻ പഠിപ്പിച്ചത് കൊണ്ടാണ് അവർ നമ്മുക്ക് മഹാത്മാക്കൾ ആകുന്നത്. എന്നാൽ, ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ മതി ഒരു കുട്ടിയുടെ ജീവിതം നശിപ്പിക്കുവാനും. പാഠപ്പുസ്തകം അപ്പാടെ വിഴുങ്ങി പരീക്ഷയ്ക്ക് ശർദ്ധിക്കുവാൻ പഠിപ്പിക്കുന്ന അധ്യാപകരും ഒരർത്ഥത്തിൽ അത് തന്നെയാണ് ചെയുന്നത്. എന്തുകൊണ്ടോ, രണ്ടാമത്തെ ഗണത്തിലുള്ളവരെയാണ് നമ്മുക്ക് ചുറ്റും അധികം കാണാൻ ആവുക. അങ്ങനെ വരുമ്പോൾ, നല്ല അധ്യാപകരെ ലഭിക്കുക എന്നത് ഒരു ഭാഗ്യവും സുകൃതവും ആകുന്നു.
പരമ്പരാഗത ശൈലികളിലൂടെ സഞ്ചരിക്കുവാൻ വിധിക്കപ്പെട്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ജീവിതത്തിലേയ്ക്ക് ഒരു അദ്ധ്യാപകൻ കടന്നു വരുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ ബഹുലമായ കഥയാണ് Dead Poets Society എന്ന സിനിമയുടെ ഇതിവൃത്തം. അനേകം പ്രശസ്തരായ നേതാക്കന്മാരെ രൂപപ്പെടുത്തിയിട്ടുള്ള അമേരിക്കയിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലേയ്ക്ക് സാഹിത്യ അദ്ധ്യാപകൻ ആയി അവിടുത്തെ പൂർവ വിദ്യാർഥി കൂടിയായ പ്രൊഫസർ ജോണ്‍ കീറ്റിംഗ് ഒരു വിദ്യാലയ വർഷാരംഭത്തിൽ കടന്നു വരുന്നു.എന്നാൽ, സാമ്പ്രദായിക അദ്ധ്യാപന രീതികളോട് ഒട്ടും അനുഭാവം പുലർത്തിയിരുന്ന ആൾ ആയിരുന്നില്ല പ്രൊഫസർ കീറ്റിങ്ങ്. ശൂളമടിച്ചുകൊണ്ട് ആദ്യ ദിവസം ക്ലാസ് റൂമിലേയ്ക്ക് കയറിയെത്തുന്ന പ്രൊഫസർ കീറ്റിങ്ങ് വിദ്യാർഥികളെ അമ്പരപ്പിക്കുന്നു. അടുത്തതായി അയാള് കുട്ടികളെ ക്ലാസ് റൂമിന് പുറത്തേയ്ക്ക് കൊണ്ട്പോവുകയും Carpe Diem എന്ന ആശയം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. സ്വതന്ത്രചിന്താഗതി ഉള്ളവരാകണം വിദ്യാർഥികൾ എന്നാണ് പ്രൊഫസർ വിശ്വസിക്കുന്നത്. അതിനു അയാള് ആദ്യം ചെയ്യുന്നത് ഒരു ഗണിത ശാസ്ത്ര തത്വം പോലെ കവിതയെ വിശകലനം ചെയ്യുവാൻ പറയുന്ന പാഠപ്പുസ്തകത്തിന്റെ അവതാരിക എല്ലാവരുടെയും പുസ്തകത്തിൽ നിന്നും കീറികളയിപ്പിക്കുകയാണ്.പ്രൊഫസറുടെ വീക്ഷണങ്ങൾ പിന്തുടരുന്ന വിദ്യാർഥികൾ ഒരു പുതിയ ലോകം തന്നെ കണ്ടെത്തുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉദ്വേഗ ജനകമായ മാറ്റങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.
Green Card, The Truman Show എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത Peter Weir ആണ് ഈ സിനിമയുടെ സംവിധായകൻ. Good Will Hunting എന്ന ചിത്രത്തിലൂടെ നമ്മുക്ക് പരിചിതനായ Robin Willaims പ്രൊഫസർ ജോണ്‍ കീറ്റിങ്ങിന്റെ വേഷത്തിൽ എത്തുന്നു. വളരെ മനോഹരമായ ദൃശ്യാനുഭവം ആണ് ഈ സിനിമ പ്രേക്ഷകന് നല്കുന്നത്. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായി എത്തുന്ന കുട്ടികൾ എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കി. ഒട്ടേറെ അക്കാദമി അവാർഡ് നോമിനേഷനുകൾ നേടിയ ചിത്രം Tom Schulmanന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിക്കൊടുത്തു.
കവിതകളെ ഇഷ്ടപ്പെടുന്നവര്ക്ക് ഒരു വിരുന്നു തന്നെയായിരിക്കും ഈ ചിത്രം. ഒട്ടേറെ കവിതകൽ ചിത്രത്തിൽ കടന്നു വരുന്നുണ്ട്. Carpe Diem എന്ന പ്രയോഗം പോലും ഒരു കവിതയുടെ ആശയത്തിൽ നിന്നാണ് പ്രൊഫസർ കീറ്റിങ്ങ് അവതരിപ്പിക്കുന്നത്. സിനിമ പ്രേമികൾക്ക് ഒരു മനോഹര അനുഭവം ആയിരിക്കും ഈ ചിത്രം. ചിലപ്പോലൊക്കെ നമ്മളെത്തന്നെ ഈ ചിത്രത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കും. 'ഡെഡ് പൊയറ്റ്സ് സൊസൈറ്റി' എന്ന പേരിനെ പറ്റി ഞാൻ ഒന്നും പറയാതിരുന്നത് ഇനിയും ഈ ചിത്രം കാണുവാൻ ഉള്ളവര്ക്കുവേണ്ടിയാണ്. സത്യത്തിൽ, ആ പേരിനെ പറ്റിയാണ് എല്ലാം പറയുവാനുള്ളത്. അത് നിങ്ങൾ തന്നെ കണ്ടെത്തുക. അനുഭവിച്ചറിയുക.
No comments:
Post a Comment