"Men love women. But, even more than that, men love cars." ലോർഡ് ഹെസ്കെത്ത് ജെയിംസ് ഹണ്ടിനെ സൂചിപ്പിച്ചുകൊണ്ട് പറയുന്ന ഈ വാക്യത്തിൽ ഒരു പക്ഷെ 'റഷ്' എന്ന മനോഹരമായ ചിത്രത്തിന്റെ എല്ലാ സൗന്ദര്യവും ഒളിഞ്ഞു കിടക്കുന്നുണ്ട്. വേഗതയുടെ ആഘോഷമാണ് ഫോർമുല വണ്‍. ഒരു പക്ഷെ ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്ന് അംശത്തിൽ സംഭവിക്കുന്ന ചെറിയ ഒരു പിഴവ് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന അതിസാഹസികമായ കായികവിനോദം. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും മത്സരിക്കുന്നവർ ലക്‌ഷ്യം വയ്ക്കുന്നുണ്ടാവില്ല. വേഗതയുടെ ഈ മായിക ലോകത്ത് ഒരു കാലഘട്ടത്തിൽ നിറഞ്ഞു നിന്ന രണ്ടു അതുല്യ പ്രതിഭകളുടെ വീറും വാശിയും നിറഞ്ഞ മത്സരത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ സിനിമ. ക്രിസ് ഹെംവർത്തും ഡാനിയൽ ബ്രൂളും ജെയിംസ് ഹണ്ടും നിക്കി ലോഡയുമായി നിറഞ്ഞു നിൽക്കുകയാണ് ചിത്രത്തിൽ. ഹാൻസ് സിമ്മറുടെ സംഗീതം എടുത്തു പറയേണ്ട പ്രത്യേകതയാണ്.
നിക്കി ലോഡയും ജെയിംസ് ഹണ്ടും. ഫോർമുല 3 മത്സരങ്ങൽക്കിടയിലാണ് നിക്കിയും ജെയിംസും ആദ്യം ഏറ്റു മുട്ടുന്നത്. പിന്നീടു പല മത്സരങ്ങൾ. ഏറ്റുമുട്ടലുകൾ. ഒടുവിൽ ഫോർമുല വണ്‍. ഒരു സിനിമ പോലെ തന്നെ ആവേശജനകമായിരുന്നു ഇരുവരുടെയും ജീവിതം. അത് ഏറെക്കാലത്തിനു ശേഷം വെള്ളിത്തിരയിൽ എത്തിയപ്പോൾ ആവേശം ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് നിസംശയം പറയാം. ഡാവിഞ്ചി കോഡിന്റെയും സിണ്ട്രല്ല മാന്റെയും സംവിധായകൻ റോണ്‍ ഹോവാർഡിൽ നിന്ന് ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുകയും വേണ്ട. ഒരു എഫ് വണ്‍ മത്സരം പോലെ തന്നെ ചടുലവും വേഗതയേറിയതും ആണ് ഈ ചിത്രം.
ചരിത്രത്തിൽ നിന്ന്
നിക്കി ലോഡ. മൂന്നു തവണ ഫോർമുല വണ്‍ കിരീടം സ്വന്തമാക്കിയ ഓസ്ട്രിയൻ ഡ്രൈവർ. എന്നാൽ മൂന്നു ലോക കിരീടങ്ങൾക്കുമുപരിയായി നിക്കി ഓർമിക്കപ്പെടുന്നത് 1976ൽ ഉണ്ടായ അതിഭീകരമായ അപകടത്തിലൂടെയാണ്. മുൻവർഷത്തെ ഫോർമുല വണ്‍ ലോക കിരീടം നിക്കിയ്ക്കായിരുന്നു. ആ വര്ഷവും ഏറ്റവും സാധ്യത കൽപ്പിചിരുന്നതും നിക്കിയ്ക്കായിരുന്നു. എന്നാൽ, ജർമൻ ഗ്രാൻഡ് പ്രിയ്ക്കിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടം നിക്കിയെ മരണത്തിന്റെ വക്കിലെത്തിച്ചു. മഴയായിരുന്നു വില്ലൻ. മത്സരം തുടങ്ങുന്നതിനു മുൻപ് ട്രാക്കിന്റെ അപകടസ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട് മത്സരം ഉപേക്ഷിക്കണം എന്ന് നിക്കി ആവശ്യപ്പെട്ടു. പക്ഷെ, അഭിപ്രായ വോട്ടെടുപ്പിൽ തീരുമാനം മത്സരം നടത്തണം എന്ന് തന്നെ ആയിരുന്നു. രണ്ടാം ലാപ്പിൽ മഴയിൽ കുതിർന്ന ട്രാക്കിൽ നിക്കിയുടെ ഫെരാരി കാർ നിയന്ത്രണം വിട്ടു സംരക്ഷണ ഭിത്തിയിൽ ഇടിച്ചു തകര്ന്നു. സീറ്റ് ബെൽറ്റ് തുറക്കാനാവാതെ കുറെ നേരം നിക്കി കാറിനുള്ളിൽ കുടുങ്ങി. ഒടുവിൽ കാറിൽ നിന്നും പുറത്തെടുക്കുമ്പോൾ നിക്കിയുടെ മുഖം ആകമാനം പൊള്ളൽ എൽക്കുകയും ശ്വാസകോശത്തിനുള്ളിൽ വിഷവാതകങ്ങൾ കടക്കുകയും ചെയ്തിരുന്നു. എന്നാൽ ചാരത്തിൽ നിന്നും ഉയിർത്തു പൊങ്ങുന്ന ഫീനിക്സ് പക്ഷിയെപ്പോലെ ലോകത്തെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് കേവലം 2 ആഴ്ചയ്ക്ക് ശേഷം ലോഡ തിരികെ മത്സരിക്കാൻ എത്തി. നിക്കിയുടെ അഭാവത്തിൽ രണ്ടാം സ്ഥാനക്കാരൻ ആയിരുന്ന ജെയിംസ് ഹണ്ട് തുടർച്ചയായ നിജയങ്ങളിലൂടെ പോയിന്റ് പട്ടികയിൽ നിക്കിയ്ക്ക് അരികെ എത്തിയിരുന്നു. തിരികെ എത്തി ആദ്യം മത്സരിച്ച ഇറ്റാലിയൻ ഗ്രാൻഡ് പ്രിയിൽ നിക്കി ലോഡ നാലാം സ്ഥാനം സ്വന്തമാക്കി വീണ്ടും അത്ഭുതം കാണിച്ചു.
സീസണിലെ അവസാന മത്സരമായ ജാപ്പനീസ് ഗ്രാൻഡ് പ്രിയിൽ ജെയിംസ് ഹുന്റ്റ് നിക്കി ലോഡയെക്കാൾ വെറും 3 പോയിന്റ് മാത്രം പിറകിൽ ആയിരുന്നു. സ്വാഭാവികമായും കാണികൾ ആവേശത്തിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴ അപകട സാധ്യത വർദ്ധിപ്പിച്ചു. എങ്കിലും മത്സരം നടത്താൻ തന്നെ തീരുമാനിച്ചു. എന്നാൽ, ഏവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് 2 ലാപ്പുകൾക്ക് ശേഷം നിക്കി ലോഡ മത്സരത്തിൽ നിന്നും പിന്മാറി. മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ ജെയിംസ് ഹണ്ട് അക്കൊല്ലം ലോക കിരീടം നേടുകയും ചെയ്തു.
വെള്ളിത്തിരയിൽ എത്തിയപ്പോൾ
കഥയിൽ പറയത്തക്ക മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല എങ്കിലും ഈ ചിത്രം മനോഹരമാകുന്നത് നിക്കി ലോഡയുടെയും ജെയിംസ് ഹണ്ടിന്റെയും മാനസിക സംഘർഷങ്ങളും കാറോട്ടത്തോടുള്ള അടങ്ങാത്ത ഇഷ്ടവും അതിസൂക്ഷ്മമായി പ്രേക്ഷകനോട് സംവദിക്കാൻ കഴിഞ്ഞു എന്നിടത്താണ്. നിക്കി ലോഡയുടെ കഥയാണ് സിനിമ എന്നിരിക്കിലും തുല്യ പ്രാധാന്യത്തോടെ തന്നെ ഹണ്ടിനെയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് നിക്കിയും ജെയിംസും തമ്മിലുള്ള സൗഹൃദവും പോരാട്ടവും. പുറമേ എപ്പോഴും മത്സരിക്കുന്നവർ ആണെങ്കിൽ കൂടിയും രണ്ടു പേരും അറിയാതെ തന്നെ അവരുടെ ഉള്ളിൽ മറ്റേ ആളിനോട് ഒരു ആരാധന വളർന്നു വരുന്നുണ്ട്. മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴും ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചത് താനില്ലാത്ത ട്രാക്കിൽ മത്സരങ്ങൾ ഓരോന്നായി ജയിക്കുന്ന ജെയിംസ് ഹണ്ടിന്റെ രൂപമാണെന്ന് ലോഡ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ, പുറമേ കാണുന്ന മത്സരബുദ്ധിക്കുമപ്പുറം വളരെ ആഴമേറിയ ആരാധന തമ്മിൽ പുലർത്തുന്ന, പക്വത വന്ന രണ്ടു മനുഷ്യരെ സംവിധായകൻ നമ്മുക്ക് കാണിച്ചു തരുന്നു.
വിവാഹജീവിതത്തോടുള്ള ഇരുവരുടെയും സമീപനവും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജീവിതം ആസ്വദിക്കാൻ ആണെന്ന് ചിന്തിക്കുന്ന ജെയിംസ് പക്ഷെ, അതിന്റെ അടിമയായി മാറുന്നത് നമ്മൾ കാണുന്നു. അയാളുടെ വിവാഹ ജീവിതവും ഒരു ദുരന്തമായി തീരുന്നു. എന്നാൽ, നിക്കി വ്യത്യസ്തൻ ആണ്, എല്ലാ അർത്ഥത്തിലും. അയാൾ തന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നു. നഷ്ടപ്പെടാൻ എന്തൊക്കെയോ ഉണ്ടെന്ന ബോധ്യം ആണ് എന്നെ ഇപ്പോൾ വിഷമിപ്പിക്കുന്നത് എന്ന് വിവാഹശേഷം അയാൾ തന്റെ ഭാര്യയോടു പറയുന്നുണ്ട്. വീണ്ടും മത്സരിക്കുവാൻ എത്തുന്നുണ്ടെങ്കിലും അവസാന മത്സരത്തിൽ നിന്നും അയാൾ പിന്മാറുവാൻ തീരുമാനിക്കുന്നത് ഭാര്യയെ ഓർത്തിട്ടാവണം. ആ തീരുമാനം ശരി ആയിരുന്നു താനും. തന്നെ സ്നേഹിക്കുന്നവരെ ഒരിക്കൽ കൂടി തീരാദുഖത്തിലെയ്ക്ക് തള്ളി വിടുവാൻ അയാൾ തയ്യാറാവുന്നില്ല.
സിനിമയ്ക്ക് ശേഷം
നിക്കി ലോഡ വീണ്ടും ലോക കിരീടം നേടി. രണ്ടു തവണ കൂടി. തോല്പിക്കാൻ ആവാത്ത ചങ്കുറപ്പ് തനിക്കുണ്ടെന്ന് അയാൾ വീണ്ടും തെളിയിച്ചു. എന്നാൽ ജെയിംസ് ഹണ്ടിന്റെ ജീവിതം അവിടെ അവസാനിക്കുകയാണ്. അയാൾക്ക് വേണ്ടിയിരുന്നത് ഒരു ലോക കിരീടം മാത്രം ആയിരുന്നു. പിന്നീടൊരിക്കലും അയാൾക്ക് വിജയങ്ങൾ ആവർത്തിക്കാൻ കഴിഞ്ഞില്ല.
ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച സ്പോർട്സ് ചിത്രങ്ങളില ഒന്നാണ് റഷ്. സുന്ദരമായ ഒരു ചലച്ചിത്ര കാവ്യം. ഒരു കാറോട്ട മത്സരത്തിന്റെ എല്ലാ ചടുലതയും മനോഹാരിതയും ആവാഹിച്ച ഈ ചിത്രം തീര്ച്ചയായും സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.
IMDB rating: 8.3
ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച സ്പോർട്സ് ചിത്രങ്ങളില ഒന്നാണ് റഷ്. സുന്ദരമായ ഒരു ചലച്ചിത്ര കാവ്യം. ഒരു കാറോട്ട മത്സരത്തിന്റെ എല്ലാ ചടുലതയും മനോഹാരിതയും ആവാഹിച്ച ഈ ചിത്രം തീര്ച്ചയായും സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.
IMDB rating: 8.3
No comments:
Post a Comment