Tuesday, 8 April 2014

ദൃശ്യവും ഫോള്‍സ് മെമ്മറിയും ചില സൈക്കോളജി ചിന്തകളും



മലയാള സിനിമാവ്യവസായരംഗത്തെ മുന്‍കാല റിക്കാര്‍ഡുകള്‍ എല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് നൂറാം ദിവസവും പിന്നിട്ടു മുന്നേറുകയാണ് ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം'. എല്ലാവിധ പ്രേക്ഷകരെയും ഈ ചിത്രത്തിന് ഒരുപോലെ സംതൃപ്തിപ്പെടുത്താനായി എന്നത് മികവുറ്റ ഒരു തിരക്കഥാകൃത്തിന്റെ വിജയമായി വേണം കരുതാന്‍. തിരക്കഥയോടൊപ്പം സംവിധാനം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളും ഒന്നിനൊന്നു മികച്ചുനിന്നപ്പോള്‍ അത് മലയാളികള്‍ക്ക് നെഞ്ചേറ്റി ലാളിക്കാന്‍ തക്കവിധം ഒരു വലിയ വിജയമായി മാറി. എന്തുകൊണ്ട് ദൃശ്യം ഇത്രയും വലിയ വിജയം നേടി എന്നത് ഇതിനുമുന്‍പ് പല തവണ ചര്‍ച്ചാവിഷയം ആയിട്ടുള്ളതാണ്. എന്നാല്‍, തന്റെ കുടുംബത്തിനു പറ്റിയ ഒരു കൈയ്യബദ്ധം ആരുമറിയാതെ ഒളിപ്പിക്കാന്‍ ജോര്‍ജുകുട്ടി എന്ന സാധാരണക്കാരന്‍ താന്‍ കണ്ട സിനിമകളില്‍ നിന്നും ആശയങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്നില്‍ ശ്രദ്ധ കിട്ടാതെ പോയ ചില പ്രധാന കാര്യങ്ങളുണ്ട്. തന്റെ കുടുംബത്തെ ഒന്നടങ്കം ഒരു വലിയ വിപത്തിനെ നേരിടാന്‍ ജോര്‍ജുകുട്ടി പ്രാപ്തനാക്കുന്നതും തെളിവുകള്‍ ഒളിപ്പിക്കുന്നതും എല്ലാം കഥയുടെ ഗതി നിര്‍ണയിക്കുന്ന കാര്യങ്ങള്‍ തന്നെ. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് തനിക്കു അനുകൂലമായി തെളിവുകള്‍ ഉണ്ടാക്കുക എന്ന് ജോര്‍ജുകുട്ടിക്ക് അറിയാമായിരുന്നു. അതിനു അയാള്‍ കുറെ ഹോട്ടല്‍ ബില്ലുകളും ബസ്‌ ടിക്കറ്റുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട് എങ്കിലും അതിലും വലിയ കടമ്പ പോലീസിന്റെ ദൃഷ്ടി ചെന്നെത്താവുന്ന എല്ലാ സാക്ഷികളുടെയും മനസ്സില്‍ തനിക്കനുകൂലമായ ചിന്തകള്‍ കയറ്റുക എന്നത്. അതില്‍ ജോര്‍ജുകുട്ടി വിജയിക്കുന്നിടത്താണ് അയാള്‍ അന്തിമവിജയം നേടുന്നത്.
അപ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ വരുന്ന ഒരു സംശയം ഉണ്ട്. ഒരാളെ പൊട്ടനാക്കാം. പക്ഷെ, എല്ലാവരെയും എങ്ങനെ പൊട്ടന്മാരാക്കും? കഥ വീണ്ടും ചൂട് പിടിക്കുമ്പോള്‍ പലരും മറന്നു കളഞ്ഞേക്കാവുന്ന ഒരു സംശയം. എന്നാല്‍, അതിനു വ്യക്തമായ ശാസ്ത്രീയ അടിത്തറ ഉണ്ട്. അതിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.


എന്താണ് ജോര്‍ജുകുട്ടി അവരുടെ മനസ്സില്‍ ചെയ്ത മാജിക്ക്?

കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ജോര്‍ജുകുട്ടി കുടുംബത്തോടൊപ്പം അയാളുടെ പദ്ധതി അനുസരിച്ച് ധ്യാനകേന്ദ്രം സന്ദര്‍ശിക്കുകയും ലോഡ്ജില്‍ തങ്ങുകയും സിനിമ കാണുകയും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എല്ലായിടത്തും തങ്ങളെ വീണ്ടും കണ്ടാല്‍ അവര്‍ക്ക് ഓര്‍മ വരുന്നതുപോലെ വളരെ മാന്യമായും കൃത്യമായും അവര്‍ പെരുമാറുന്നു. എന്നാല്‍, അത് കുറച്ചു വ്യാജ രേഖകള്‍ നേടിയെടുക്കാന്‍ മാത്രമേ അയാളെ സഹായിക്കുന്നുള്ളൂ. അതിനു ശേഷമാണ് ജോര്‍ജുകുട്ടിയുടെ മാസ്റ്റര്‍ ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ അന്വേഷണം തങ്ങള്‍ പോയ സ്ഥലങ്ങളിലേയ്ക്ക് നീളുന്നു എന്ന് കാണുമ്പോള്‍ അയാള്‍ കുടുംബത്തോടൊപ്പം ഒരിക്കല്‍ കൂടി ആ ഹോട്ടലും ലോഡ്ജും തിയേറ്ററും സന്ദര്‍ശിക്കുന്നു. അതിനുശേഷം അവര്‍ക്ക് ജോര്‍ജുകുട്ടിയേയും കുടുംബത്തെയും പറ്റി ഉണ്ടായിരുന്ന അവ്യക്തമായ ഓര്‍മകളെ അതിസമര്‍ഥമായി അയാള്‍ ചൂഷണം ചെയ്തു വളച്ചൊടിക്കുന്നു. അങ്ങനെ അവരുടെ മനസ്സില്‍ അയാള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ചില 'ഫോള്‍സ് മെമ്മറി'കള്‍ക്ക് രൂപം കൊടുക്കുന്നു.

എന്താണ് ഫോള്‍സ് മെമ്മറി?

തങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്ത ചില കാര്യങ്ങള്‍ ശരിക്കും സംഭവിച്ചു എന്ന് ചിലര്‍ വിശ്വസിക്കാറുണ്ട്. അങ്ങനെ നടന്നു എന്ന് അവര്‍ കരുതുന്ന സംഭവത്തെ പറ്റി ചെറിയ ചെറിയ അംശങ്ങള്‍ പോലും തങ്ങളുടെ ഓര്‍മയില്‍ നിന്ന് എന്നപോലെ വിശദീകരിക്കുവാനും ഇങ്ങനെയുള്ള ആളുകള്‍ക്ക് കഴിയാറുണ്ട്. ഈ അവസ്ഥയെ ഫോള്‍സ് മെമ്മറി സിന്‍ഡ്രോം  (FALSE MEMORY SYNDROME) എന്നാണ് മനശാസ്ത്രത്തില്‍ വിളിക്കുക. എന്നാല്‍ ഇത് പലപ്പോഴും മറ്റു ആളുകളുടെ സ്വാധീനം കൊണ്ടാവണം എന്നില്ല. ചിലപ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ പറ്റിയുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും അയാളുടെ ഓര്‍മകളെ സ്വാധീനിക്കാം. അങ്ങനെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് അയാള്‍ വിശ്വസിക്കാം. അതുപോലെ ഒരിക്കല്‍ സംഭവിച്ച ഒരു കാര്യത്തെ അയാളുടെ ആഗ്രഹങ്ങള്‍ക്കോ മുന്‍കാല അനുഭവങ്ങള്‍ക്കോ അനുസൃതമായി വേറെ ഒരു രീതിയില്‍ നടന്നു എന്നും വിശ്വസിക്കാം. ഇങ്ങനെയുള്ള പല സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരുപാട് ഗവേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ളതുപോലെ ഇതിനും ഒരു മറുവശം ഉണ്ട്. ഫോള്‍സ് മെമ്മറികള്‍ക്ക് എളുപ്പത്തില്‍ രൂപം കൊടുക്കാന്‍ തക്കവണ്ണം ദുര്‍ബലമായ മനസുള്ളവരുടെ ഓര്‍മകളെ പ്രാവീണ്യം നേടിയ ഒരാള്‍ക്ക് എളുപ്പത്തില്‍ പൊളിച്ചെഴുതാന്‍ പറ്റും. ഒരു മനശാസ്ത്രഞ്ജനെ സംബന്ധിച്ചിടത്തോളം ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ചില സാധാരണ മനുഷ്യര്‍ക്കും തങ്ങള്‍ പറയുന്നതെല്ലാം മറ്റുള്ളവരെ എളുപ്പം വിശ്വസിപ്പിക്കാന്‍ പറ്റും. ഉദാഹരണത്തിന്, എന്റെ ഓര്‍മശക്തിയെപ്പറ്റി എനിക്ക് സ്വയം അത്ര മതിപ്പില്ല എന്ന് വെക്കുക. ഞാന്‍ എന്റെ സുഹൃത്തിനോട്‌ പണ്ട് നടന്ന ഒരു കാര്യത്തെപറ്റി സംസാരിക്കുമ്പോള്‍ അവന്‍ വളരെ വസ്തുനിഷ്ഠമായും കൃത്യമായ വിവരണങ്ങളോട് കൂടിയും ഞാന്‍ പറഞ്ഞതല്ല ശരി എന്ന് പറഞ്ഞാല്‍ ഒരു നിമിഷം അവന്‍ പറഞ്ഞതല്ലേ ശരി എന്ന് ഞാന്‍ ചിന്തിക്കും. ഞാന്‍ മാത്രമല്ല, ഭൂരിപക്ഷം ആളുകളും അങ്ങനെയാവും ചിന്തിക്കുക. അങ്ങനെ കൃത്രിമമായി നമ്മുടെ ഓര്‍മകളെ പൊളിച്ച് എഴുതുവാന്‍ സമര്‍ഥനായ ഒരാള്‍ വിചാരിച്ചാല്‍ സാധിക്കും. ഇത് തന്നെയാണ് ജോര്‍ജുകുട്ടിയും ചെയ്യുന്നത്. ഇത്തരം കൃത്രിമ ഓര്‍മകളെ 'കണ്‍സ്ട്രക്റ്റഡ് മെമ്മറി' (CONSTRUCTED MEMORY) എന്നാണ് വിളിക്കുക. പക്ഷെ ഇത്തരം കണ്‍സ്ട്രക്റ്റഡ് മെമ്മറികളുടെ അടിസ്ഥാനപരമായ ആശയം കടന്നുവരുന്നത് ഫോള്‍സ് മെമ്മറിയെ പറ്റിയുള്ള പഠനങ്ങളില്‍ നിന്നുമാണ്.
Steve Titus

സ്റ്റീവ് ടൈറ്റസ് കേസ് 

ഫോള്‍സ് മെമ്മറി എങ്ങനെ അപകടകാരിയാകാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് സ്റ്റീവ് ടൈറ്റസിന്റെ കേസ്. വാഷിംഗ്‌ടണിലെ ഒരു റസ്ടോറെന്റ് മാനേജര്‍ ആയിരുന്നു സ്റ്റീവ് ടൈറ്റസ്. ഒരു വൈകുന്നേരം താന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരികയായിരുന്ന ടൈറ്റസിന്റെ കാര്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തി. കുറച്ചു സമയം മുന്‍പ് ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം കടന്നുകളഞ്ഞ ഒരു പ്രതി സഞ്ചരിച്ചിരുന്ന അതെ മോഡല്‍ വാഹനമാണ് ടൈറ്റസും ഉപയോഗിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ ആ പ്രതിയോട് ടൈറ്റസിന് ചെറിയൊരു രൂപ സാദൃശ്യവും ഉണ്ടായിരുന്നു. പോലീസ് ടൈറ്റസിന്റെ ഒരു ഫോട്ടോ എടുത്തു. അത് കുറ്റവാളി എന്ന് സംശയിക്കപ്പെടുന്നവരുടെ കൂടെ ചേര്‍ത്തു. പിന്നീട് അത് ആ പെണ്‍കുട്ടിയെ കാണിച്ചപ്പോള്‍ ടൈറ്റസിന്റെ ഫോട്ടോ ചൂണ്ടി ഇതാണ് ഏറ്റവും സാദൃശ്യം ഉള്ളത് എന്ന് ആ കുട്ടി പറഞ്ഞു. പക്ഷെ കോടതിയില്‍ എത്തിയപ്പോള്‍ ആ കുട്ടി തറപ്പിച്ചു പറഞ്ഞു ഇത് തന്നെയാണ് എന്നെ ഉപദ്രവിച്ച ആള്‍ എന്ന്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ടൈറ്റസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയാള്‍ ജെയിലില്‍ അടക്കപ്പെട്ടു. എന്നാല്‍ അവസാന പ്രതീക്ഷ എന്ന നിലയില്‍ അയാള്‍ തന്നെ രക്ഷപെടുത്താന്‍ ഒരു പ്രാദേശിക ന്യൂസ്‌ പേപ്പറിനോട് സഹായം അഭ്യര്‍ഥിച്ചു. അവരുടെ അന്വേഷണത്തില്‍, ടൈറ്റസിന്റെ ഭാഗ്യം എന്നോണം, യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ സാധിച്ചു. അങ്ങനെ ടൈറ്റസ് ജയില്‍ മോചിതനായി. എന്നാല്‍ അപ്പോഴേയ്ക്കും അയാള്‍ക്ക്‌ എല്ലാം നഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ അയാള്‍ തന്റെ ജീവിതം ഇങ്ങനെയാകാന്‍ ഇടയാക്കിയ എല്ലാവരോടും അയാള്‍ നിയമയുദ്ധം നടത്തി. ഒടുവില്‍ കോടതിയില്‍ വിധി പറയുന്നതിന് ഒരാഴ്ച മുന്‍പ് അമിതമായ ടെന്‍ഷന്‍ മൂലം ഹൃദയാഘാതം വന്നു അയാള്‍ ജീവിതത്തോട് വിട പറഞ്ഞു.
ഈ സമയത്ത് എലിസബത്ത്‌ ലോഫസ് എന്ന മനശാസ്ത്രഞ്ജ ടൈറ്റസിന്റെ കേസ് പഠിക്കാന്‍ ആരംഭിച്ചു. എന്തുകൊണ്ടാണ് "ഇതാണ് ഏറ്റവും സാദൃശ്യമുള്ള മുഖം" എന്നതില്‍ നിന്നും "ഇതുതന്നെയാണ് എന്നെ ഉപദ്രവിച്ച ആള്‍" എന്ന് ഉറച്ചു പറയുവാന്‍ ആ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്? അതായിരുന്നു എലിസബത്ത് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച പ്രശ്നം. അതിനെ ഉത്തരം ചെന്ന് നിന്നത് 'ഫോള്‍സ് മെമ്മറി സിന്‍ഡ്രോം' എന്ന മാനസിക പ്രശ്നത്തിലാണ്.
Elizabeth Loftus

എന്തുകൊണ്ട് 'ഫോള്‍സ് മെമ്മറി സിന്‍ഡ്രോം' കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു?

ഓര്‍മ സംബന്ധിയായ പ്രശ്നങ്ങളെ പറ്റി പറയാന്‍ പറഞ്ഞാല്‍ നമ്മള്‍ ആദ്യം ഓര്‍ക്കുക അല്‍ഷിമേഴ്സ് മുതലായ രോഗങ്ങളെ പറ്റിയാവും. പ്രായം ചെല്ലുംതോറും പല കാര്യങ്ങളും ഓര്‍മിക്കുവാന്‍ ആകാതെ നാം കഷ്ടപ്പെടാറുമുണ്ട്. എന്നാല്‍ അല്‍ഷിമേഴ്സ് പോലെയൊരു വലിയ രോഗത്തിന്റെ അവസ്ഥയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ നമ്മുടെ ഓര്‍മക്കുറവ് മറ്റുള്ളവരെ വലിയ അളവില്‍ ബാധിക്കാറുള്ളൂ. അല്ലാത്തപക്ഷം അത് നമ്മുടെ മാത്രം പ്രശ്നമാണ്. എന്നാല്‍ ഓര്‍മ കൂടിപ്പോയി എന്നുപറഞ്ഞു നമ്മളില്‍ ആരും സങ്കടപ്പെടാറില്ല. പക്ഷെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇനി അങ്ങനെയും സങ്കടപ്പെടെണ്ടി വരും എന്നാണ്. സ്റ്റീവ് ടൈറ്റസ് കേസ് ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആയിരക്കണക്കിന് നിരപരാധികള്‍ക്ക്‌ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ തന്നെ 'അയാള്‍ കഥ എഴുതുകയാണ്' എന്ന ചിത്രത്തില്‍ ഇതേ പ്രശ്നം ചര്‍ച്ച ചെയ്യുന്നുണ്ട്. കുറെ നാളുകള്‍ക്കു മുന്‍പ് സ്ത്രീ പീഡനം ആരോപിക്കപ്പെട്ടാല്‍ അതിനു ഇരയായ സ്ത്രീയുടെ വാക്കാണ്‌ ഏറ്റവും വലിയ തെളിവ് എന്ന രീതിയില്‍ നിയമ നിര്‍മാണം നടത്താന്‍ ഒരു നീക്കം നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ സാധ്യതകള്‍ ദുരുപയോഗിക്കപ്പെടാം എന്നുകണ്ട് അത് ഉപേക്ഷിക്കുകയുണ്ടായി. പക്ഷെ, അതുപോലെ തന്നെ പ്രശ്നമായേക്കാവുന്ന ഒരു സാധ്യതയായിരുന്നു ഇത്തരം കൃത്രിമ ഓര്‍മകള്‍.

ഈ അവസ്ഥയെ ഗുണപരമായി ഉപയോഗിക്കാമോ?

ചില അവസരങ്ങളില്‍ നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ഉള്ളില്‍ ഫോള്‍സ് മെമ്മറികള്‍ ഉണ്ടാവുകയും അത് മരണം വരെ തിരിച്ചറിയപ്പെടാതെ നിലനില്‍ക്കുകയും ചെയ്യാം. വേറെ ഒരാളോട് പങ്കുവെയ്ക്കുന്നില്ല എങ്കില്‍ എങ്ങനെയാണ് നമ്മുടെ ഓര്‍മ്മകള്‍ യഥാര്‍ത്ഥം ആണോ ആല്ലയോ എന്ന് നമ്മുക്ക് മനസിലാക്കാന്‍ ആവുക. നമ്മുടെ മനസിന്റെ ഈ ചാപല്യത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം എന്നാണ് പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന. അതായത് ചില ആളുകള്‍ക്ക് കുട്ടിക്കാലം മുതലേ ചില കാര്യങ്ങളോട് പേടി, ചില ഭക്ഷണ സാധനങ്ങളോട് വിരോധം, ചില പ്രത്യേക സാഹചര്യങ്ങളില്‍ അകപ്പെടാനുള്ള ഭയം മുതലായവ ഉണ്ടാകാറുണ്ട്. ഒരു ചെറിയ ഉദാഹരണം സഭാകമ്പം അഥവാ സ്റ്റേജ് ഫിയര്‍ ആണ്. ചിലര്‍ക്ക് ഇത് പയ്യെ മാറുമെങ്കിലും ചിലരുടെയെങ്കിലും കാര്യത്തില്‍ അങ്ങനെ അല്ല സംഭവിക്കുക. ഇത് പണ്ട് എങ്ങോ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനസില്‍ കിടക്കുന്നത് കൊണ്ടാണ്. പ്രാവീണ്യം സിദ്ധിച്ച ഒരു മനശാസ്ത്രന്ജന്‍ വിചാരിച്ചാല്‍ ഈ ഓര്‍മകളെ എളുപ്പത്തില്‍ എടുത്തുമാറ്റാന്‍ കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് സാധാരണ നമ്മുടെ മനസു സ്വയം ഉണ്ടാകുന്ന ഫോള്‍സ് മെമ്മറികള്‍ക്ക് പകരം ഇവിടെ പുറമേ നിന്നും ഒരാളുടെ സഹായത്താല്‍ കൃതിമ ഓര്‍മകള്‍ സൃഷ്ടിക്കുന്നു. ഇവയെ കണ്‍സ്ട്രക്റ്റഡ് മെമ്മറി എന്നും വിളിക്കാറുണ്ട്. പക്ഷെ മുന്‍പ് സൂചിപ്പിച്ചത് പോലെ മനുഷ്യ മനസിന്റെ ഫോള്‍സ് മെമ്മറികള്‍ക്ക് ഇടം നല്‍കുന്ന  ഈ ന്യൂനതയാണ് കണ്‍സ്ട്രക്റ്റഡ് മെമ്മറി എന്ന ആശയത്തിലെയ്ക്ക് വഴി തുറന്നത്. ചില ആളുകള്‍ ചികിത്സയ്ക്ക് വേണ്ടി അത് നല്ല രീതിയില്‍ ഉപയോഗിക്കുന്നു. മറ്റു ചിലര്‍ ഈ വിദ്യ ഉപയോഗിച്ച് തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ ഒരു പുതിയ ലോകം തന്നെ മറ്റുള്ളവരുടെ മനസ്സില്‍ നിര്‍മിച്ചെടുക്കുന്നു. 

വീണ്ടും ദൃശ്യത്തിലേയ്ക്ക് 

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയും തന്റെ വിരുതുകൊണ്ട് ഈ സാധ്യത മുതലെടുക്കുകയാണ്. ജോര്‍ജുകുട്ടി മെനഞ്ഞെടുത്ത കഥ വളരെ സമര്‍ഥമായി ആ സാക്ഷികളെക്കൊണ്ട് വിശ്വസിപ്പിക്കുന്നിടത്താണ് അയാള്‍ വിജയം കാണുന്നത്. അങ്ങനെ ഒരു സാഹചര്യത്തില്‍ ജോര്‍ജുകുട്ടി സാക്ഷികളെ അവരറിയാതെ തന്നെ സ്വാധീനിച്ചു എന്ന് മനസിലാക്കിയിട്ടും ഒന്നും ചെയ്യാന്‍ പറ്റാതെ നിസഹായരായി നില്‍ക്കുകയാണ് പോലീസ്. കാരണം മറിച്ചുചിന്തിക്കാന്‍ അവരുടെ കയ്യില്‍ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല. 

നമ്മുടെ ജീവിതത്തില്‍ എങ്ങനെ ഇത് പ്രയോജനപ്പെടുത്താം?

ഏറെ ഗവേഷണം നടക്കുന്ന ഒരു മേഖലയാണ് ഇത്. വളരെ സാധ്യതകള്‍ ഇതിനുണ്ട്. അത് ശരിയായിട്ടോ തെറ്റായിട്ടോ ഉപയോഗിക്കുക എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. നിയന്ത്രണവിധേയമായി ഉപയോഗിച്ചാല്‍ ചില്ല്ലറ ചെറിയ കുരുക്കുകളില്‍ നിന്ന് എളുപ്പം നമ്മുക്കും ഊരിപ്പോകാം. പക്ഷെ, അധികമായാല്‍ അമൃതും വിഷം എന്നാണ് ചൊല്ല്. ഒടുക്കം സത്യമേത് മിഥ്യയേത്‌ എന്ന് കണ്‍ഫ്യൂഷന്‍ ആയി ജീവിതം തന്നെ കളഞ്ഞു കുളിക്കേണ്ടിവരും. അതുകൊണ്ട് ജാഗ്രതൈ.

ഒരു സിനിമ എന്ന നിലയ്ക്ക് ദ്രിശ്യത്തിനു കിട്ടുന്ന സ്വാതത്ര്യം വളരെ നന്നായിതന്നെ ജീത്തു ജോസഫ്‌ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാം ഒന്നടങ്കം ദ്രിശ്യത്തിന്റെ ആരാധകര്‍ ആയി മാറിയത്. ദൃശ്യം ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാണ്. നമ്മളെ ബാധിക്കുന്ന എന്നാല്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ ഒഴിവാക്കുന്ന പല കാര്യങ്ങളെപ്പറ്റിയും നമ്മെ ചിന്തിപ്പിക്കുന്ന ചിത്രം. അത് നല്ല രീതിയില്‍ മനസിലാക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം എന്ന് മാത്രം.

Tuesday, 4 March 2014

8. റഷ് (2013)


"Men love women. But, even more than that, men love cars." ലോർഡ്‌ ഹെസ്കെത്ത് ജെയിംസ്‌ ഹണ്ടിനെ സൂചിപ്പിച്ചുകൊണ്ട് പറയുന്ന ഈ വാക്യത്തിൽ ഒരു പക്ഷെ 'റഷ്' എന്ന മനോഹരമായ ചിത്രത്തിന്റെ എല്ലാ സൗന്ദര്യവും ഒളിഞ്ഞു കിടക്കുന്നുണ്ട്. വേഗതയുടെ  ആഘോഷമാണ് ഫോർമുല വണ്‍. ഒരു പക്ഷെ ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്ന് അംശത്തിൽ സംഭവിക്കുന്ന ചെറിയ ഒരു പിഴവ് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന അതിസാഹസികമായ കായികവിനോദം. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും മത്സരിക്കുന്നവർ ലക്‌ഷ്യം വയ്ക്കുന്നുണ്ടാവില്ല. വേഗതയുടെ ഈ മായിക ലോകത്ത് ഒരു കാലഘട്ടത്തിൽ നിറഞ്ഞു നിന്ന രണ്ടു അതുല്യ പ്രതിഭകളുടെ വീറും വാശിയും നിറഞ്ഞ മത്സരത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ സിനിമ. ക്രിസ് ഹെംവർത്തും ഡാനിയൽ ബ്രൂളും ജെയിംസ്‌ ഹണ്ടും നിക്കി ലോഡയുമായി നിറഞ്ഞു നിൽക്കുകയാണ് ചിത്രത്തിൽ. ഹാൻസ് സിമ്മറുടെ സംഗീതം എടുത്തു പറയേണ്ട പ്രത്യേകതയാണ്.

നിക്കി ലോഡയും ജെയിംസ്‌ ഹണ്ടും. ഫോർമുല 3 മത്സരങ്ങൽക്കിടയിലാണ് നിക്കിയും ജെയിംസും ആദ്യം ഏറ്റു മുട്ടുന്നത്. പിന്നീടു പല മത്സരങ്ങൾ. ഏറ്റുമുട്ടലുകൾ. ഒടുവിൽ ഫോർമുല വണ്‍. ഒരു സിനിമ പോലെ തന്നെ ആവേശജനകമായിരുന്നു ഇരുവരുടെയും ജീവിതം. അത് ഏറെക്കാലത്തിനു ശേഷം വെള്ളിത്തിരയിൽ എത്തിയപ്പോൾ ആവേശം ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് നിസംശയം പറയാം. ഡാവിഞ്ചി കോഡിന്റെയും സിണ്ട്രല്ല മാന്റെയും സംവിധായകൻ റോണ്‍ ഹോവാർഡിൽ നിന്ന് ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുകയും വേണ്ട. ഒരു എഫ് വണ്‍ മത്സരം പോലെ തന്നെ ചടുലവും വേഗതയേറിയതും ആണ് ഈ ചിത്രം.


ചരിത്രത്തിൽ നിന്ന് 
നിക്കി ലോഡ. മൂന്നു തവണ ഫോർമുല വണ്‍ കിരീടം സ്വന്തമാക്കിയ ഓസ്ട്രിയൻ ഡ്രൈവർ. എന്നാൽ മൂന്നു ലോക കിരീടങ്ങൾക്കുമുപരിയായി നിക്കി ഓർമിക്കപ്പെടുന്നത് 1976ൽ ഉണ്ടായ അതിഭീകരമായ അപകടത്തിലൂടെയാണ്. മുൻവർഷത്തെ ഫോർമുല വണ്‍ ലോക കിരീടം നിക്കിയ്ക്കായിരുന്നു. ആ വര്ഷവും ഏറ്റവും സാധ്യത കൽപ്പിചിരുന്നതും നിക്കിയ്ക്കായിരുന്നു. എന്നാൽ, ജർമൻ ഗ്രാൻഡ്‌ പ്രിയ്ക്കിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടം നിക്കിയെ മരണത്തിന്റെ വക്കിലെത്തിച്ചു. മഴയായിരുന്നു വില്ലൻ. മത്സരം തുടങ്ങുന്നതിനു മുൻപ് ട്രാക്കിന്റെ അപകടസ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട് മത്സരം ഉപേക്ഷിക്കണം എന്ന് നിക്കി ആവശ്യപ്പെട്ടു. പക്ഷെ, അഭിപ്രായ വോട്ടെടുപ്പിൽ തീരുമാനം മത്സരം നടത്തണം എന്ന് തന്നെ ആയിരുന്നു. രണ്ടാം ലാപ്പിൽ മഴയിൽ കുതിർന്ന ട്രാക്കിൽ നിക്കിയുടെ ഫെരാരി കാർ നിയന്ത്രണം വിട്ടു സംരക്ഷണ ഭിത്തിയിൽ ഇടിച്ചു തകര്ന്നു. സീറ്റ് ബെൽറ്റ്‌ തുറക്കാനാവാതെ കുറെ നേരം നിക്കി കാറിനുള്ളിൽ കുടുങ്ങി. ഒടുവിൽ കാറിൽ നിന്നും പുറത്തെടുക്കുമ്പോൾ നിക്കിയുടെ മുഖം ആകമാനം പൊള്ളൽ എൽക്കുകയും ശ്വാസകോശത്തിനുള്ളിൽ വിഷവാതകങ്ങൾ കടക്കുകയും ചെയ്തിരുന്നു. എന്നാൽ ചാരത്തിൽ നിന്നും ഉയിർത്തു പൊങ്ങുന്ന ഫീനിക്സ് പക്ഷിയെപ്പോലെ ലോകത്തെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് കേവലം 2 ആഴ്ചയ്ക്ക് ശേഷം ലോഡ തിരികെ മത്സരിക്കാൻ എത്തി. നിക്കിയുടെ അഭാവത്തിൽ രണ്ടാം സ്ഥാനക്കാരൻ ആയിരുന്ന ജെയിംസ്‌ ഹണ്ട് തുടർച്ചയായ നിജയങ്ങളിലൂടെ പോയിന്റ്‌ പട്ടികയിൽ നിക്കിയ്ക്ക് അരികെ എത്തിയിരുന്നു. തിരികെ എത്തി ആദ്യം മത്സരിച്ച ഇറ്റാലിയൻ ഗ്രാൻഡ്‌ പ്രിയിൽ നിക്കി ലോഡ നാലാം സ്ഥാനം സ്വന്തമാക്കി വീണ്ടും അത്ഭുതം കാണിച്ചു.


സീസണിലെ അവസാന മത്സരമായ ജാപ്പനീസ് ഗ്രാൻഡ്‌ പ്രിയിൽ ജെയിംസ്‌ ഹുന്റ്റ് നിക്കി ലോഡയെക്കാൾ വെറും 3 പോയിന്റ്‌ മാത്രം പിറകിൽ  ആയിരുന്നു. സ്വാഭാവികമായും കാണികൾ ആവേശത്തിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴ അപകട സാധ്യത വർദ്ധിപ്പിച്ചു. എങ്കിലും മത്സരം നടത്താൻ തന്നെ തീരുമാനിച്ചു. എന്നാൽ, ഏവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് 2 ലാപ്പുകൾക്ക് ശേഷം നിക്കി ലോഡ മത്സരത്തിൽ നിന്നും പിന്മാറി. മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ ജെയിംസ്‌ ഹണ്ട് അക്കൊല്ലം ലോക കിരീടം നേടുകയും ചെയ്തു.



വെള്ളിത്തിരയിൽ എത്തിയപ്പോൾ 
കഥയിൽ പറയത്തക്ക മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല എങ്കിലും ഈ ചിത്രം മനോഹരമാകുന്നത്‌ നിക്കി ലോഡയുടെയും ജെയിംസ്‌ ഹണ്ടിന്റെയും മാനസിക സംഘർഷങ്ങളും കാറോട്ടത്തോടുള്ള അടങ്ങാത്ത ഇഷ്ടവും അതിസൂക്ഷ്മമായി പ്രേക്ഷകനോട് സംവദിക്കാൻ കഴിഞ്ഞു എന്നിടത്താണ്. നിക്കി ലോഡയുടെ കഥയാണ് സിനിമ എന്നിരിക്കിലും തുല്യ പ്രാധാന്യത്തോടെ തന്നെ ഹണ്ടിനെയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് നിക്കിയും ജെയിംസും തമ്മിലുള്ള സൗഹൃദവും പോരാട്ടവും. പുറമേ എപ്പോഴും മത്സരിക്കുന്നവർ ആണെങ്കിൽ കൂടിയും രണ്ടു പേരും അറിയാതെ തന്നെ അവരുടെ ഉള്ളിൽ  മറ്റേ ആളിനോട്‌ ഒരു ആരാധന വളർന്നു വരുന്നുണ്ട്. മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴും ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചത് താനില്ലാത്ത ട്രാക്കിൽ മത്സരങ്ങൾ ഓരോന്നായി ജയിക്കുന്ന ജെയിംസ്‌ ഹണ്ടിന്റെ രൂപമാണെന്ന് ലോഡ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ, പുറമേ കാണുന്ന മത്സരബുദ്ധിക്കുമപ്പുറം വളരെ ആഴമേറിയ ആരാധന തമ്മിൽ പുലർത്തുന്ന, പക്വത വന്ന രണ്ടു മനുഷ്യരെ സംവിധായകൻ നമ്മുക്ക് കാണിച്ചു തരുന്നു. 

വിവാഹജീവിതത്തോടുള്ള ഇരുവരുടെയും സമീപനവും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജീവിതം ആസ്വദിക്കാൻ ആണെന്ന് ചിന്തിക്കുന്ന ജെയിംസ്‌ പക്ഷെ, അതിന്റെ അടിമയായി മാറുന്നത് നമ്മൾ കാണുന്നു. അയാളുടെ വിവാഹ ജീവിതവും ഒരു ദുരന്തമായി തീരുന്നു. എന്നാൽ, നിക്കി വ്യത്യസ്തൻ ആണ്, എല്ലാ അർത്ഥത്തിലും. അയാൾ തന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നു. നഷ്ടപ്പെടാൻ എന്തൊക്കെയോ ഉണ്ടെന്ന ബോധ്യം ആണ് എന്നെ ഇപ്പോൾ വിഷമിപ്പിക്കുന്നത് എന്ന് വിവാഹശേഷം അയാൾ തന്റെ ഭാര്യയോടു പറയുന്നുണ്ട്. വീണ്ടും മത്സരിക്കുവാൻ എത്തുന്നുണ്ടെങ്കിലും അവസാന മത്സരത്തിൽ നിന്നും അയാൾ പിന്മാറുവാൻ തീരുമാനിക്കുന്നത്‌ ഭാര്യയെ ഓർത്തിട്ടാവണം. ആ തീരുമാനം ശരി ആയിരുന്നു താനും. തന്നെ സ്നേഹിക്കുന്നവരെ ഒരിക്കൽ കൂടി തീരാദുഖത്തിലെയ്ക്ക് തള്ളി വിടുവാൻ അയാൾ തയ്യാറാവുന്നില്ല.

സിനിമയ്ക്ക് ശേഷം 
നിക്കി ലോഡ വീണ്ടും ലോക കിരീടം നേടി. രണ്ടു തവണ കൂടി. തോല്പിക്കാൻ ആവാത്ത ചങ്കുറപ്പ് തനിക്കുണ്ടെന്ന് അയാൾ വീണ്ടും തെളിയിച്ചു. എന്നാൽ ജെയിംസ്‌ ഹണ്ടിന്റെ ജീവിതം അവിടെ അവസാനിക്കുകയാണ്. അയാൾക്ക്‌ വേണ്ടിയിരുന്നത് ഒരു ലോക കിരീടം മാത്രം ആയിരുന്നു. പിന്നീടൊരിക്കലും അയാൾക്ക്‌ വിജയങ്ങൾ ആവർത്തിക്കാൻ കഴിഞ്ഞില്ല.

ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച സ്പോർട്സ് ചിത്രങ്ങളില ഒന്നാണ് റഷ്. സുന്ദരമായ ഒരു ചലച്ചിത്ര കാവ്യം. ഒരു കാറോട്ട മത്സരത്തിന്റെ എല്ലാ ചടുലതയും മനോഹാരിതയും ആവാഹിച്ച ഈ ചിത്രം തീര്ച്ചയായും സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.

IMDB rating: 8.3 

Wednesday, 28 August 2013

7. ഡെഡ് പൊയറ്റ്സ് സൊസൈറ്റി (റിവ്യു)


വിദ്യാലയകാലത്ത് നമ്മെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്നത്‌ നല്ല അദ്ധ്യാപകർക്കാണ്‌ എന്ന് നിസംശയം പറയാം. പല മഹത്വ്യക്തികളും തങ്ങളുടെ ജീവിതം വഴിതിരിച്ചുവിട്ട അദ്ധ്യാപകരെപ്പറ്റി അഭിമാനത്തോടെ പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. അല്ലെങ്കിൽ വായിച്ചിട്ടുണ്ട്. നമ്മുടെ തന്നെ ജീവിതത്തിലും നമ്മുടെ ആരാധ്യപാത്രമായി നാം കൊണ്ട് നടക്കുന്ന ഒരു അദ്ധ്യാപകൻ എങ്കിലും ഉണ്ടാവും. പാഠപ്പുസ്തകത്തിലുള്ളവ വീണ്ടും ചൊല്ലിത്തരുന്നതിനേക്കാൾ ജീവിക്കാൻ പഠിപ്പിച്ചത് കൊണ്ടാണ് അവർ നമ്മുക്ക് മഹാത്മാക്കൾ ആകുന്നത്. എന്നാൽ, ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ മതി ഒരു കുട്ടിയുടെ ജീവിതം നശിപ്പിക്കുവാനും. പാഠപ്പുസ്തകം അപ്പാടെ വിഴുങ്ങി പരീക്ഷയ്ക്ക് ശർദ്ധിക്കുവാൻ പഠിപ്പിക്കുന്ന അധ്യാപകരും ഒരർത്ഥത്തിൽ അത് തന്നെയാണ് ചെയുന്നത്. എന്തുകൊണ്ടോ, രണ്ടാമത്തെ ഗണത്തിലുള്ളവരെയാണ് നമ്മുക്ക് ചുറ്റും അധികം കാണാൻ ആവുക. അങ്ങനെ വരുമ്പോൾ, നല്ല അധ്യാപകരെ ലഭിക്കുക എന്നത് ഒരു ഭാഗ്യവും സുകൃതവും ആകുന്നു.


പരമ്പരാഗത ശൈലികളിലൂടെ സഞ്ചരിക്കുവാൻ വിധിക്കപ്പെട്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ജീവിതത്തിലേയ്ക്ക് ഒരു അദ്ധ്യാപകൻ കടന്നു വരുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ ബഹുലമായ കഥയാണ് Dead Poets Society എന്ന സിനിമയുടെ ഇതിവൃത്തം. അനേകം പ്രശസ്തരായ നേതാക്കന്മാരെ രൂപപ്പെടുത്തിയിട്ടുള്ള അമേരിക്കയിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലേയ്ക്ക് സാഹിത്യ അദ്ധ്യാപകൻ ആയി അവിടുത്തെ പൂർവ വിദ്യാർഥി കൂടിയായ പ്രൊഫസർ ജോണ്‍ കീറ്റിംഗ് ഒരു വിദ്യാലയ വർഷാരംഭത്തിൽ കടന്നു വരുന്നു.എന്നാൽ, സാമ്പ്രദായിക അദ്ധ്യാപന രീതികളോട് ഒട്ടും അനുഭാവം പുലർത്തിയിരുന്ന ആൾ ആയിരുന്നില്ല പ്രൊഫസർ കീറ്റിങ്ങ്. ശൂളമടിച്ചുകൊണ്ട് ആദ്യ ദിവസം ക്ലാസ് റൂമിലേയ്ക്ക് കയറിയെത്തുന്ന പ്രൊഫസർ കീറ്റിങ്ങ് വിദ്യാർഥികളെ അമ്പരപ്പിക്കുന്നു. അടുത്തതായി അയാള് കുട്ടികളെ ക്ലാസ് റൂമിന് പുറത്തേയ്ക്ക് കൊണ്ട്പോവുകയും Carpe Diem എന്ന ആശയം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. സ്വതന്ത്രചിന്താഗതി ഉള്ളവരാകണം വിദ്യാർഥികൾ എന്നാണ് പ്രൊഫസർ വിശ്വസിക്കുന്നത്. അതിനു അയാള് ആദ്യം ചെയ്യുന്നത് ഒരു ഗണിത ശാസ്ത്ര തത്വം പോലെ കവിതയെ വിശകലനം ചെയ്യുവാൻ പറയുന്ന പാഠപ്പുസ്തകത്തിന്റെ അവതാരിക എല്ലാവരുടെയും പുസ്തകത്തിൽ നിന്നും കീറികളയിപ്പിക്കുകയാണ്.പ്രൊഫസറുടെ വീക്ഷണങ്ങൾ പിന്തുടരുന്ന വിദ്യാർഥികൾ ഒരു പുതിയ ലോകം തന്നെ കണ്ടെത്തുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉദ്വേഗ ജനകമായ മാറ്റങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

Green Card, The Truman Show എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത Peter Weir ആണ് ഈ സിനിമയുടെ സംവിധായകൻ. Good Will Hunting എന്ന ചിത്രത്തിലൂടെ നമ്മുക്ക് പരിചിതനായ Robin Willaims പ്രൊഫസർ ജോണ്‍ കീറ്റിങ്ങിന്റെ വേഷത്തിൽ എത്തുന്നു. വളരെ മനോഹരമായ ദൃശ്യാനുഭവം ആണ് ഈ സിനിമ പ്രേക്ഷകന് നല്കുന്നത്. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായി എത്തുന്ന കുട്ടികൾ എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കി. ഒട്ടേറെ അക്കാദമി അവാർഡ് നോമിനേഷനുകൾ നേടിയ ചിത്രം Tom Schulmanന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിക്കൊടുത്തു.


കവിതകളെ ഇഷ്ടപ്പെടുന്നവര്ക്ക് ഒരു വിരുന്നു തന്നെയായിരിക്കും ഈ ചിത്രം. ഒട്ടേറെ കവിതകൽ ചിത്രത്തിൽ കടന്നു വരുന്നുണ്ട്. Carpe Diem എന്ന പ്രയോഗം പോലും ഒരു കവിതയുടെ ആശയത്തിൽ നിന്നാണ് പ്രൊഫസർ കീറ്റിങ്ങ് അവതരിപ്പിക്കുന്നത്‌. സിനിമ പ്രേമികൾക്ക് ഒരു മനോഹര അനുഭവം ആയിരിക്കും ഈ ചിത്രം. ചിലപ്പോലൊക്കെ നമ്മളെത്തന്നെ ഈ ചിത്രത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കും. 'ഡെഡ് പൊയറ്റ്സ് സൊസൈറ്റി' എന്ന പേരിനെ പറ്റി ഞാൻ ഒന്നും പറയാതിരുന്നത് ഇനിയും ഈ ചിത്രം കാണുവാൻ ഉള്ളവര്ക്കുവേണ്ടിയാണ്. സത്യത്തിൽ, ആ പേരിനെ പറ്റിയാണ് എല്ലാം പറയുവാനുള്ളത്. അത് നിങ്ങൾ തന്നെ കണ്ടെത്തുക. അനുഭവിച്ചറിയുക.

Tuesday, 27 August 2013

6. ദി ബക്കറ്റ് ലിസ്റ്റ് (റിവ്യു)


പലപ്പോഴും ആലോചിച്ചിട്ടുണ്ട് നമ്മൾ ആഗ്രഹിക്കുന്നത് പോലെ മാത്രം മുന്നോട്ടു പോകുന്ന ഒരു ജീവിതത്തെ പറ്റി. അങ്ങനെ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ, ജീവിതം, പണ്ടാരോ പറഞ്ഞത് പോലെ, ഒരു പ്രഹേളികയാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, ആരൊക്കെ ജീവനോടെ ഉണ്ടാകുമെന്നോ ആര്ക്കാണ് പറയുവാൻ കഴിയുക? ആ ഭീതി, മരണത്തെക്കുറിച്ചുള്ള ഭയം എല്ലാ മനുഷ്യരിലും സാധാരണയാണ്. എന്നാൽ, എത്രത്തോളം ജീവിതം ജീവിതം ഒളിച്ചു കളിക്കുന്നുവോ, അത്രത്തോളമോ അതിനപ്പുറമോ അതിജീവനത്തിന്റെ പാഠങ്ങൾ തിരിച്ചു ജീവിതത്തിനു പറഞ്ഞു കൊടുക്കുന്ന അത്ഭുത ജീവിയാണ് മനുഷ്യൻ. ഒരുപക്ഷെ, വേദനയോ ദുരിതങ്ങളോ ഒന്നും ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ ഇത്രയും ക്രിയാത്മകത ഉള്ള ഒരുവൻ ആവില്ലായിരുന്നു. അതെ. പരാജയങ്ങളില്ലാതെ വിജയങ്ങളില്ല. താഴ്ച്ചകളില്ലാതെ ഉയര്ച്ചകളില്ല. വേദനകളില്ലാതെ സന്തോഷങ്ങളില്ല. തന്നെ തോൽപ്പിച്ച് തുടങ്ങുന്ന ജീവിതത്തെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച് വിജയികളാവുന്ന, അതെ, മരണത്തിന്റെ മുന്നിലും വിജയികളാവുന്ന 2 മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

പലപ്പോഴും സമ്പത്ത് അല്ല മനുഷ്യന്റെ സുഖ ദുഖങ്ങളുടെ ആധാരം. ധാരാളം പണം ഉള്ളവന് ഒരു നിമിഷം പോലും സമാധാനം അനുഭവിക്കാൻ പട്ടണം എന്നില്ല. പണം ഇല്ലാത്തത് കൊണ്ട് കൊണ്ട് ആരും സമാധാനമില്ലായ്മ അനുഭവിക്കണം എന്നും. ഒരു ആശുപത്രി മുറിയിൽ അവിചാരിതമായി കണ്ടു മുട്ടുന്ന 2 ആളുകൾ . ഒരാള് ആ ആശുപത്രിയുടെ ഉടമസ്ഥൻ. മറ്റെയാൾ ഒരു മെക്കാനിക്കും. ഒരാള് പണത്തിന്റെ ധാരാളിത്തത്തിൽ ജീവിക്കുന്നവൻ. മറ്റെയാൾ കുടുംബത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളെ ബലി കഴിച്ച, എനാൽ ഇന്നും ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങൾ മെനയുന്ന ആൾ. ആദ്യം അകന്നു നിന്ന ഇരുവരെയും ഏകാന്തത അടുപ്പിക്കുന്നു. തമ്മിൽ അറിഞ്ഞു തുടങ്ങിയപ്പോൾ കോടി ജന്മങ്ങൾ അടുപ്പമുള്ളവരെപ്പോലെ ആകുന്നു അവരുടെ പെരുമാറ്റം. ക്യാൻസർ ഇനി തങ്ങൾക്കു നല്കിയിരിക്കുന്നത് മാസങ്ങളുടെ മാത്രം ആയുസാണെന്ന് തിരിച്ചറിയുന്ന അവർ ജീവിതത്തിൽ നഷ്ടപ്പെടുതിയതിനെ എല്ലാം തിരിച്ചു പിടിക്കുവാൻ ഒരുമിച്ചു യാത്ര തുടങ്ങുന്നു. പിന്നെ, സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്. 

ഒരു ആശുപത്രി മുറിയിൽ കണ്ടുമുട്ടുന്ന രണ്ടു പേരുടെ സൗഹൃദം ആണ് ചിത്രത്തിന്റെ കാതൽ. പലപ്പോഴും വര്ഷങ്ങളുടെ സൗഹൃദം വേണമെന്നില്ല നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്യമാകാൻ.ഇന്ന് കണ്ടു മുട്ടുന്ന ഒരാളായിരിക്കാം കഴിഞ്ഞു പോയ വർഷങ്ങളും സൗഹൃദങ്ങളും തന്നതിനേക്കാൾ അറിവും സന്തോഷവും നല്കുക. ജീവിതത്തിന്റെ നിസാരതയും മഹത്വവും ഒരേ സമയം വെളിപ്പെടുത്തുന്ന ചിത്രം. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീര്ക്കുവാൻ ഉണ്ട് എന്ന് ഓര്മിപ്പിക്കുന്ന ചിത്രം.

സംവിധായകൻ Rob Reiner. When Harry met sally, A few good men 
എന്നീ ചിത്രങ്ങളും Reinerഉടെ സൃഷ്ടികളാണ്. Jack Nicholsan ഉം 
Morgan Freeman ഉം അഭിനയിച്ചു തകര്ത്തു. തീര്ച്ചയായും കാണേണ്ട ഒരു ചിത്രം.



5. മോട്ടോർ സൈക്കിൾ ഡയറീസ് (റിവ്യു)

യാത്രയും സാഹസികതയും പശ്ചാത്തലമായി വരുന്ന അനേകം ചിത്രങ്ങൾ ലോക സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ സമീര് താഹിർ ചിത്രം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' ഈ ചങ്ങലയിലെ പുതിയ കണ്ണിയാണ്. എന്നാൽ ഈ ചിത്രങ്ങളിൽ നിന്നെല്ലാം 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന അനശ്വര കാവ്യത്തെ വ്യത്യസ്തമാക്കുന്നത് അത് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളുടെ കഥ പറയുന്നു എന്നത് കൊണ്ട് മാത്രമാണ്. ബ്യൂനസ് ഐറിസിൽ നിന്നും പെറൂവിയൻ ആമസോണിലെയ്ക്കുള്ള ആ യാത്ര എർനെസ്റ്റൊ ഗുവേര എന്ന ചെറുപ്പക്കാരന്റെ ചിന്തകളെയും ജീവിതത്തെ തന്നെയും മാറ്റി മറിച്ചില്ലായിരുന്നു എങ്കിൽ ഈ ചിത്രം ഇത്ര ശ്രദ്ധ നെടുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ചിത്രത്തിന്റെ മഹത്വത്തെ കുറച്ചു കാണിക്കുവാനല്ല, മറിച്ച് ചെഗുവേര എന്ന ആ വിപ്ലവ നക്ഷത്രത്തിന്റെ ജനസമ്മതിയെക്കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമാണ്.
എർനെസ്റ്റൊ ഗുവേര എന്ന ഇരുപത്തിമൂന്നു കാരൻ മെഡിക്കൽ വിദ്യാർഥിയും ആൽബെർട്ടോ ഗ്രനാഡോ എന്ന മുപ്പതുകാരൻ ബയോകെമിസ്റ്റും ചേർന്ന് നടത്തിയ 8000 കിലോമീറ്റർ സാഹസിക യാത്രയുടെ വിവരണമാണ് 'മോട്ടോർ സൈക്കിൾ ഡയറീസ്'. ഒരു സാഹസികത എന്നതിനപ്പുറം വേറെ ഒരു ലക്ഷ്യവുമില്ലാതെ ആരംഭിച്ച യാത്ര പക്ഷെ ജീവിതത്തിന്റെ പച്ചയായ യഥാർത്യങ്ങളെ കാണിച്ചു കൊണ്ട് എർനെസ്റ്റൊയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അവരുടെ യാത്ര ഒരു മനോഹരമായ ചിത്രം പോലെ ക്യാമറ ഒപ്പിയെടുത് നമ്മുക്ക് മുന്നില് വച്ച് തരുന്നു. ലാറ്റിൻ അമേരിക്കയുടെ സൗന്ദര്യം നന്നായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രം. ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും അപരിചിതരായ ആളുകളുടെ ദയ കൊണ്ടാണ് അവർ താമസവും ഭക്ഷണവും കണ്ടെത്തുന്നത്. ചിലയിടങ്ങളിൽ സാധാരണക്കാരായ ആളുകള് കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ അറിയാതെ രോഷം കൊള്ളുകയും പ്രതികരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എർനെസ്റ്റൊ. ലിമയിൽ വച്ചാണ് അയാളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാവുന്നത്. കുഷ്ഠരോഗം ബാധിച്ചവരുടെ ഒരു ശുശ്രൂഷാകേന്ദ്രത്തിൽ സേവനം ചെയ്യാൻ ഒരു ഡോക്ടർ അവരെ ക്ഷണിക്കുന്നു. അവിടെ അയാള് ഒരു പരിവർത്തനത്തിനു വിധേയനാവുകയാണ്. അവിടെ നിന്നും പുറപ്പെടുന്ന എർനെസ്റ്റൊ തികച്ചും പുതിയ ഒരു മനുഷ്യൻ ആയിരുന്നു.അവസാനം അയാള് പറയുന്നു. "ഞാൻ എല്ലാറ്റിനെയും പറ്റി വ്യത്യസ്തമായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്നിൽ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു." പിന്നീട് അയാള് കാസ്ട്രോയോടൊപ്പം ക്യുബയിലും ബോളിവിയയിലും യുദ്ധത്തിൽ ചേർന്ന് എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത്. 
വളരെ നല്ല വീക്ഷണങ്ങൾ ഉള്ള, അടിച്ചമർത്തപ്പെട്ടവരോട് അനുഭവം പുലര്ത്തുന്ന ഒരു സമര നായകനെ ആണ് ഈ ചിത്രം പ്രേക്ഷകന് മുന്നില് എത്തിക്കുന്നത്. സംവിധായകാൻ Walter Salles വളരെ കൃത്യമായും മനോഹരമായും തന്റെ ജോലി ചെയ്തു. പക്ഷെ, ഈ ചിത്രത്തിൽ ഞാൻ കണ്ട പോരായ്മ ചെഗുവേര എന്ന വിപ്ലവ കാരിയുടെ ആദർശങ്ങളെ വികലമായി മനസിലാക്കുവാൻ ഇത് കാരണമായി എന്നതാണ്. യാത്ര നടന്ന കാലത്ത് നിന്നും അയാളുടെ വീക്ഷണങ്ങൾ ഏറെ മാറുന്നുണ്ട് പില്കാലത്ത്. ഇന്ന് ചെഗുവേരയെ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി എല്ലാവരും കൊണ്ടാടുന്നു. എന്നാൽ അയാള് ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നില്ല എന്നതാണ് സത്യം. ചെഗുവേരയുടെ ജീവിതം മുഴുവനായി പരിശോധിച്ചാൽ അത് മനസിലാക്കാൻ കഴിയും. എങ്കിലും, അവതരണ ശൈലി കൊണ്ടും മനോഹരമായ രംഗങ്ങൾ കൊണ്ടും സിനിമ ആസ്വാദകരുടെ മനം കവരും ഈ ചിത്രം. 

Friday, 26 July 2013

4. ദി ബോയ്‌ ഇന് ദി സ്ട്രിപ്‌ഡ്‌ പൈജാമാസ്(റിവ്യു)

ആത്യന്തികമായി ചിന്തിച്ചാൽ യുദ്ധത്തിൽ ജയപരാജയങ്ങൾ ഇല്ല. നഷ്ടങ്ങളുടെ കണക്കു മാത്രമേ എല്ലാ യുദ്ധങ്ങൾക്കും പറയുവാൻ ഉള്ളു. യുദ്ധങ്ങളെപറ്റി ഓരോ ഭാഗത്തിനും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവും. എന്നാൽ ഈ ന്യായീകരണങ്ങൾ എല്ലാം മുതിർന്നവർ എന്ന് ഭാവിക്കുന്നവരുടെ പൊള്ളയായ പിടിവാശികൾ മാത്രമാണ്. കുട്ടികളുടെ മനസ് ഒരിക്കലും യുദ്ധങ്ങളെ പിന്തുണച്ചിട്ടില്ല. കാരണം അവരുടെ ഉള്ളില കപടത ഇല്ല എന്നത് തന്നെ. മനസ്സിൽ നിന്നും കുട്ടിത്തം പറിച്ചുമാറ്റുമ്പോൾ ആണ് ശരിക്കും മനുഷ്യര് തങ്ങളെ തന്നെ സ്നേഹിച്ചു തുടങ്ങുന്നതും മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നതും.

രണ്ടാം  ലോക മഹാ യുദ്ധത്തെ പറ്റി ഒട്ടേറെ സിനിമകൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ചിത്രം എന്നെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു. യുദ്ധത്തിന്റെ ഭീകരത അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥകളിലും അല്ല മനുഷ്യ ജീവന്റെ നാശത്തിലും പരസ്പര സ്നേഹത്തിന്റെ നഷ്ടപെടലിലും ആണെന്ന് ഓർമപ്പെടുത്തുന്ന ചിത്രം. നിഷ്കളങ്കത കൈമോശം വന്നിട്ടില്ലത്തവർ, വലിയ ലോകത്തിന്റെ പോള്ളത്തരങ്ങളെ മനസിലാക്കാൻ കഴിയാത്തവർ. അവരുടെ ഭാഗത്ത്‌ നിന്ന് ഒരു പുനര് വായന ആണ് ഈ ചിത്രം. ഇതിലെ കുട്ടികളുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെ.

ഹൃദയ സ്പർശിയായ ഒരു ചിത്രം. ജോണ്‍ ബോയിന്റെ ഇതേ പേരിലുള്ള നോവലിൽ നിന്നും സൃഷ്ടിച്ചത്. 



Saturday, 20 July 2013

3. സൈലൻസ് ഓഫ് ദി ലാംബ്സ് (റിവ്യു)



അപൂർവ്വം ചില കലാകാരൻമാർ ഉണ്ട്. അപൂർണമായ ഏതു സൃഷ്ടിയും അവരുടെ ഒരു ചെറിയ കരസ്പർശം കൊണ്ട് മഹത്തരങ്ങളായി മാറും. നോവലുകളിൽ നിന്നും സിനിമകൾ എക്കാലവും പിറവി കൊള്ളാറുണ്ട്‌. എന്നാൽ നോവലിനേക്കാൾ അനേകമനേകം മടങ്ങ്‌ മഹത്തരമായി ഒരു സിനിമ മാറുന്നത് സംവിധായകന്റെയും ഒപ്പം തിരക്കഥാകൃത്തിന്റെയും പാടവം കൊണ്ടാണ്. നല്ല സംവിധായകർ അനേകമുണ്ട് സിനിമയുടെ നാൾവഴികളിൽ. എന്നാൽ അവർ ചെയ്ത ചിത്രങ്ങൾ എല്ലാമൊന്നും മഹത്തരങ്ങളായി വിശേഷിപ്പിക്കപ്പെട്ടിട്ടില്ല. സംവിധായകന്റെ മനസ്സിൽ ജീവിക്കുന്ന കഥാപാത്രങ്ങളെ അതിനേക്കാൾ ഉയര്ന്ന തലത്തിൽ ഉൾകൊള്ളാനും ജന്മം നല്കാനും കഴിയുന്ന അഭിനേതാക്കളും ഉണ്ടാവണം. ഈ രണ്ടു കൂട്ടരും ഒന്നിച്ചു ചേരുമ്പോൾ ഇതിഹാസ സൃഷ്ടികൾ ജന്മമെടുക്കുന്നു. അവ ഓരോ കാഴ്ചയിലും അനേകം വിസ്മയങ്ങൾ ആസ്വാദകന്റെ മനസ്സിൽ സൃഷ്ടിക്കുകയും ചെയുന്നു. മേൽപറഞ്ഞ ഇതിഹാസചിത്രങ്ങളിൽ തീര്ച്ചയായും ഉൽപെടുത്തേണ്ട ഒന്നാണ് Jonathan Demme സംവിധാനം ചെയ്തു 1991ൽ പുറത്തുവന്ന 'Silence of the Lambs' എന്ന ചിത്രം. 


സിനിമ ചരിത്രത്തിലെ ഒരു അപൂർവത ആയിരുന്നു ഈ ചിത്രം. ഇത് ഒരു horror സിനിമ അല്ല. പക്ഷെ, ഒരു horror സിനിമയ്ക്ക്‌ വേണ്ട എല്ലാ സവിശേഷതകളും ഉണ്ട് താനും. Anthony Hopkins അനശ്വരമാക്കിയ Dr. Hannibal Lecter സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലൻ ആയി വിലയിരുത്തപ്പെടുന്നു. Jodie Foster അവതരിപ്പിച്ച Clarice Starling എന്ന യുവ FBI ട്രെയിനീ ഏറ്റവും മികച്ച നായികാകഥാപാത്രമായും. Thomas Harrisന്റെ നോവൽ വെറുമൊരു മാനസിക രോഗിയായ കൊലപാതകിയുടെ കഥ പറഞ്ഞപ്പോൾ(ആഖ്യാന ശൈലികൊണ്ട് പക്ഷെ ആ നോവലും ഒരു നല്ല സൃഷ്ടിയായിരുന്നു) Ted Tally എന്ന തിരക്കഥാകൃത്ത് അതിനെ ഒരു ഇതിഹാസത്തിനുള്ള മുളയായി മാറ്റിയെടുത്തു. അനേകം രീതികളിൽ ഈ ചിത്രം വായിക്കപ്പെട്ടിട്ടുണ്ട്. പുറത്തിറങ്ങിയ സമയത്ത് അനേകം കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എങ്കിലും, അതൊന്നും ആ മഹത്തര സൃഷ്ടിയുടെ മാറ്റു കൂട്ടിയതല്ലാതെ കുറച്ചിട്ടില്ല.

Big 5 എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട 5 ഓസ്കാർ അവാർഡുകൾ ഒരുമിച്ചു കരസ്ഥമാക്കിയ മൂന്നേ മൂന്നു ചിത്രങ്ങളെ സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അതിൽ അവസാനത്തേതാണ് ഈ ചിത്രം. ശരിയാണ്, അവാർഡുകൾ ഒരു മാനദണ്ടമേ ആവുന്നില്ലയിരിക്കാം. പക്ഷെ, അത് അവാർഡ് കിട്ടാതെ പോയ ഇതിഹാസങ്ങൾക്കാണ്. ചിലരെ അവാർഡുകൾ അങ്ങോട്ട്‌ തേടി എത്തുക തന്നെ ചെയ്യും.

സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ ചർമം ചെത്തിഎടുക്കുകയും ചെയ്യുന്ന ഒരു serial killer നഗരത്തിൽ പ്രത്യക്ഷപെടുന്നു. 'Buffalo Bill' എന്ന് അറിയപ്പെടുന്ന ആ കൊലയാളിയെ പറ്റി വിവരങ്ങൾ ശേഖരിക്കുവാൻ ഇപ്പോൾ തടവ്‌ ശിക്ഷ അനുഭവിക്കുന്ന മുൻ മനശാസ്ത്രന്ജനും പിന്നീട് ഒരു serial killer ഉം ആയിത്തീർന്ന Dr. Haanibal Lecter(Anthony Hopkins) എന്ന ബുദ്ധിരാക്ഷസനെ ചോദ്യം ചെയ്യുക എന്നതാണ് ഒരു FBI ട്രെയിനീ മാത്രം ആയ Clarice Starling(jodie Foster)ന് മേലധികാരി Jack Crawford (Scott Glenn) നല്കുന്ന ദൗത്യം.

കുറ്റവാസന ഉള്ള മാനസിക രോഗികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന Baltimore State Hospitalൽ അവിടുത്തെ മേധാവി Fredrick Chilton(Anthony Heald) ന്റെ സഹായത്തോടെ ക്ലാരിസ് ലെക്ടരെ കാണുന്നു. ആദ്യം സൌമ്യമായി ഇടപെടുന്ന ലെക്ടർ പെട്ടെന്ന് ഭാവം മാറ്റുകയും ക്ലാരിസിനെ മടക്കി അയക്കുകയും ചെയ്യുന്നു. തിരിച്ചു പോകവേ മറ്റു സെല്ലുകളിൽ ഉള്ള മാനസിക രോഗികൾ എല്ലാം ക്ലാരിസിന്റെ മേൽ ആക്ഷേപ വാക്കുകള ചൊരിയുന്നു. ഒരു മാനസിക രോഗി തന്റെ ശുക്ലം ക്ലാരിസിന്റെ മുഖത്തേയ്ക്കു തെറിപ്പിക്കുന്നു. ഇത് ലെക്ടർക്ക് വളരെ അരോചകം ആയി തോന്നുകയും ക്ലാരിസിനെ അയാള് തിരിച്ചു വിളിക്കുകയും ചെയ്യുന്നു. ലെക്ടർ തന്റെ ഒരു പഴയ രോഗിയുടെ വിലാസം ക്ലാരിസിനു നല്കുന്നു. അത് അന്വേഷിച്ചു ക്ലാരിസ് എത്തുന്നത് ഒരു പഴയ പൂട്ടികിടക്കുന്ന ഷെഡിൽ ആണ്. അവിടെ ഒരു ഭരണിയിൽ ഒരു മനുഷ്യന്റെ അറുത്തു മാറ്റിയ തല ക്ലാരിസ് കണ്ടെത്തുന്നു. അയാൾക്ക് 'Buffalo Bill'നോട് ബന്ധം ഉണ്ടെന്നും, തന്നെ തന്റെ ശത്രു കൂടിയായ Dr.Chiltonന്റെ അടുത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയാൽ ബില്ലിന്റെ ശരിയായ പേര് വെളിപ്പെടുത്താം എന്നും ലെക്ടർ ക്ലാരിസിനോട് പറയുന്നു.

Buffalo Bill ഒരു US സെനട്ടരുടെ മകളായ Catherine Martinനെ തട്ടികൊണ്ട് പോവുന്നു. ഈ സാഹചര്യത്തിൽ ജയിൽ മാറ്റത്തിനുള്ള ഒരു വ്യാജ അംഗീകാരം ലെക്ടരിനു നല്കാൻ ക്ലാരിസിനു മേലധികാരി അനുവാദം നല്കുന്നു. എന്നാൽ, വിവരങ്ങൾ വെളിപെടുത്തുന്നതിനു പകരം ലെക്ടർ ക്ലാരിസുമായി 'Quid Pro Quo' എന്ന ഒരു കളിയില എര്പെടുന്നു. ബില്ലിനെ പറ്റി വിവരങ്ങൾ താൻ നൽകണമെങ്കിൽ ക്ലാരിസിന്റെ ഭൂത കാല ജീവിതത്തെ പറ്റി തന്നോട് പറയണം എന്ന് ലെക്ടർ ആവശ്യ പെടുന്നു. നിയമപ്രകാരം തെറ്റ് ആണെങ്കിലും ക്ലാരിസ് അത് സമ്മതിക്കുന്നു. ഈ സംഭാഷണം രഹസ്യത്തിൽ കേൾക്കുന്ന Chilton താൻ ക്രമീകരിക്കുന്ന പ്ലാൻ അനുസരിച്ച് ലെക്ടരെ അധികാരികൾക്ക് മുന്നില് ഏല്പിക്കുന്നു. ലെകട്ർ പറയുന്ന പേരും വിലാസവും അനുസരിച്ച് അവർ അന്വേഷണം ആരംഭിക്കുന്നു.

ബുദ്ധിമാനായ ലെക്ടർ നല്കിയത് ഒരു വ്യാജ പേര് ആണെന്ന് ക്ലാരിസ് മനസിലാക്കുന്ന്നു. അവൾ ലെക്ടരിനോട് സത്യം പറയാൻ യാചിക്കുന്നു. എന്നാൽ ക്ലാരിസിന്റെ കുട്ടികാലത്തെ പട്ടി പറയുവാൻ ആണ് ലെക്ടർ ആവശ്യപെടുന്നത്. പത്താം വയസിൽ താൻ അനാഥയായെന്നും പിന്നീട് ഒരു ബന്ധുവിന്റെ വീട്ടില് ആയിരുന്നു താമസമെന്നും അവൾ പറയുന്നു. അവിടെ കൊല്ലുവാൻ നിര്ത്തിയിരിക്കുന്ന ആടുകളെ രക്ഷപെടുത്തുവാൻ താൻ ഒരു വിഫല ശ്രമം നടത്തിയെന്നും ആളുകളുടെ കരച്ചില ഇപ്പോളും തന്നെ ഉറക്കത്തിൽ വേട്ടയാടാരുന്ടെന്നും ക്ലാരിസ് പറയുന്നു. അവരുടെ സംഭാഷണം Chiltonഉം പോലീസും ഇടപെട്ടു തടയുമ്പോൾ ലെക്ടർ ക്ലാരിസ് മുൻപ് നല്കിയ കെയ്സ് ഡയറി അവൾക്കു തിരികെ കൊടുക്കുന്നു. അന്ന് വൈകുന്നേരം, കാവല്ക്കാരെ കൊന്നു അതിവിദഗ്ദമായി ലെക്ടർ അവിടെ നിന്ന് രക്ഷപെടുന്നു. (കാവൽക്കാരിൽ ഒരാളെ താൻ കിടന്ന ഇരുമ്പ് കൂടിന്റെ മുകളില ലെക്ടർ കൊന്നു തൂക്കി നിര്ത്തിയിരിക്കുന്ന സീൻ നൂറ്റാണ്ടിലെ ഏറ്റവും പേടിപെടുത്തുന്ന സീനുകളിൽ ഒന്നായാണ് വിലയിരുത്തപെടുന്നത്.)

ലെക്ടർ നല്കിയ വിവരങ്ങൾ അനുസരിച്ച് ക്ലാരിസ് യഥാര്ത കൊലയാളിയെ കുറിച്ച് സൂചനകൾ കണ്ടെത്തുന്നു. ബിൽ ഒരു തയ്യല്കാരൻ കൂടി ആണെന്നും അയാൾ മുറിച്ചു മാറ്റിയ ചരമ ഭാഗങ്ങളുടെ അതെ ആകൃതിയിൽ വസ്ത്രങ്ങൾ തുന്നിയിരുന്നെന്നും ഒരു ഒഴിഞ്ഞ വീട്ടില് നിന്നും ക്ലാരിസ് കണ്ടെത്തുന്നു. ബിൽ ഒരു പെണ്ണ് ആയി മാറാൻ തയ്യാറ എടുക്കുകയാണ് എന്ന് മനസിലായ അവൾ തന്റെ മേലധികാരിയെ വിളിക്കുന്നു. എന്നാൽ അവൾ ലെക്ടരുടെ നോട്ടുകളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ james Gumb എന്ന കുറ്റവാളിയെ തേടി പോയിരുന്നു. തന്റെ വാദത്തിൽ ഉറച്ചു നിന്ന ക്ലാരിസ് ബില്ലിനെ അന്വേഷിച്ചു വേറെ ഒരു വീട്ടില് എത്തുന്നു. എന്നാൽ അവിടെ അവൾ ബില്ലിനെ തന്നെ കണ്ടെത്തുന്നു. അത് ജെയിംസ്‌ ഗുംബ് തന്നെ ആയിരുന്നു. ജീവന പണയം വെച്ചുള്ള പോരാട്ടത്തിൽ അവൾ അയാളെ കൊല്ലുകയും കാതരീനെ രക്ഷിക്കുകയും ചെയ്യുന്നു. 

അത്തവണ ക്ലാരിസിനെ FBI സ്പെഷ്യൽ എജെന്റായി നിയമിക്കുന്നു. ആഘോഷങ്ങൾക്കിടയിൽ ക്ലാരിസിനു ലെക്ടരിന്റെ ഫോണ്‍ എത്തുന്നു. താൻ അവളെ ഒന്നും ചെയ്യില്ലെന്നും പകരം അവൾ തന്റെ പിന്നാലെ വരരുതെന്നും ലെക്ടർ ആവശ്യപെടുന്നു. അത് ബുദ്ധിമുട്ടാണെന്ന് ക്ലാരിസ് മറുപടി നല്കുന്നു. തനിക്കു കൂടുതൽ സംസാരിക്കണം എന്നുന്ടെന്നും പക്ഷെ താൻ ഒരു സുഹൃത്തിനെ വളരെകാലത്ത്തിനു ശേഷം ക്കാണാൻ പോവുകയാണെന്നും പറഞ്ഞു ലെക്ടർ ഫോണ്‍ നിര്ത്തുന്നു. വിമാനതാവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്ന Chiltonനെ പിന്തുടർന്ന് കൊണ്ട് ലെക്ടർ ആൾകൂട്ടത്തിൽ മറയുന്നു.

ഒട്ടേറെ വിവാദങ്ങൾ ഈ ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. അതി ഭീകരമായ മൃതദേഹദൃശ്യങ്ങൾ കാണിക്കുന്നത് സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞു ഒട്ടേറെ പേര് സിനിമയെ എതിർത്തു . അതുപോലെ ബിൽ എന്ന മാനസിക രോഗിയെ സ്വവര്ഗഭോഗിയായി ആണ് ചിത്രീകരിചിരികുന്നത് എന്നും വിമർശനങ്ങൾ ഉണ്ടായി. എന്നാൽ bill ഒരു transexual ആയിരുന്നെന്നും അയാൾക്ക്‌ സ്ത്രീകളോട് ലൈംഗികമായ വികാരങ്ങലില്ലയിരുന്നെന്നും ഒരു സ്ത്രീ ആയി മാറാൻ വേണ്ടി അയാള് കാട്ടികൂട്ടിയ പരാക്രമങ്ങൾ ആയിരുന്നു എല്ലാം എന്നും സിനിമയിൽ നിന്ന് തന്നെ വ്യക്തമാണ്. ഇത്തരം വിവാദങ്ങൾക്കിടയിലും ഈ ചിത്രം ഒര്മിക്കപെടുന്നത് Anthony Hopkins എന്ന മഹാ നടന്റെ അഭിനയ പാടവം കൊണ്ട് തന്നെ ആവും എന്നതില ഒട്ടും സംശയമില്ല.

IMDB rating: 8.7